ഇതിന് ഉത്തരം സന്ദീപ് റെഡ്ഡി പറയണം; വിമർശനത്തിന് മറുപടിയുമായി കിരൺ റാവു
text_fieldsരൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ബോക്സോഫീസിൽ വൻ കളക്ഷൻ നേടിയെങ്കിലും ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ത്രീവിരുദ്ധതയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് അനിമൽ എന്നാണ് അധികം പേരും പറഞ്ഞത്. താരങ്ങൾ പോലും ചിത്രത്തിന്റെ പ്രമേയത്തെ വിമർശിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നടൻ ആമിർ ഖാന്റെ മുൻഭാര്യയും സംവിധായകയുമായ കിരൺ റാവു സ്ത്രീവിരുദ്ധ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞതിനെതിരെ വിമർശനവുമായി സന്ദീപ് റെഡ്ഡി രംഗത്തെത്തിയിരുന്നു. ' ദിൽ' എന്ന ആമിർ ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കിരണിന് മറുപടി നൽകിയത്. ചില മനുഷ്യർക്ക് അവർ എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലെന്നും തന്റെ ചിത്രത്തിൽ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നവരോട് ആദ്യം 'ഖാംബേ ജയ്‌സി ഖാദി ഹേ’ എന്ന ഗാനത്തെ കുറിച്ച് ആമിർ ഖാനോട് ചോദിക്കൂ എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്.
ഇപ്പോഴിതാ സംവിധായകന് മറുപടിയുമായി കിരൺ റാവു എത്തിയിരിക്കുകയാണ്. താൻ സന്ദീപ് റെഡ്ഡി ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം ആമിർ ചിത്രത്തിനെതിരെ ഉന്നയിച്ച വിമർശനത്തിനും മറുപടി നൽകിയിട്ടുണ്ട്.
'സന്ദീപ് റെഡ്ഡി സിനിമകളെക്കുറിച്ച് ഞാൻ ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല. കാരണം ഞാൻ അവ കണ്ടിട്ടില്ല. സ്ത്രീവിരുദ്ധതയെക്കുറിച്ചും സ്‌ക്രീനിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും ഞാൻ പലപ്പോഴും പല വേദികളിലും പല സമയത്തും സംസാരിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഒരിക്കലും ഒരു ചിത്രത്തിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ല. എങ്ങനെയാണ് വങ്കക്ക് ഞാൻ അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിയത്. അത് നിങ്ങൾ അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. സന്ദീപ് റെഡ്ഡിയുടെ സിനിമകൾ ഞാൻ കണ്ടിട്ടില്ല'- കിരൺ റാവു പറഞ്ഞു.
ആമിർ ഖാൻ 'ഖാംബേ ജയ്‌സി ഖാദി ഹേ' എന്ന ഗാനത്തെക്കുറിച്ചും കിരൺ റാവു പ്രതികരിച്ചിട്ടുണ്ട് . സ്ത്രീവിരുദ്ധ ഗാനങ്ങളിൽ അഭിനയിച്ചതിന് ക്ഷമാപണം നടത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ആമിർ ഖാൻ. അങ്ങനെ കുറിച്ചുപേർ മാത്രമേ ജോലി സംബന്ധമായ കാര്യങ്ങളിൽ മാപ്പ് ചോദിക്കാറുള്ളൂ- സംവിധായിക കൂട്ടിച്ചേർത്തു.
2023 ഡിസംബർ ഒന്നിനാണ് അനിമൽ തിയറ്ററുകളിലെത്തിയത്. വിമർശനങ്ങളും വിവാദങ്ങളുമൊന്നും അനിമലിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല. കഴിഞ്ഞ വർഷം തിയറ്ററുകളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നാണിത്. കൂടാതെ ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായിട്ടുണ്ട്. സ്ട്രീമിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 62 ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.