എനിക്ക് തീരാനഷ്ടം; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കുഞ്ചാക്കോ ബോബന്‍
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു നടൻ കുഞ്ചാക്കോ ബോബന്. അദ്ദേഹത്തിന്റെ ശൂന്യത തനിക്ക് വ്യക്തിപരമായി തീരാനഷ്ടമാണെന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വേര്‍പാടിന്റെ വേദനയില്‍ ആ കുടുംബത്തോടൊപ്പം പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു. ഉമ്മൻ ചണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ കുഞ്ചാക്കോ ബോബൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.
'ഉമ്മന്‍ ചാണ്ടി സര്‍… കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തി. പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാര്‍ഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം. കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം. ഈ വേര്‍പാടിന്റെ വേദനയില്‍ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു'- കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിൽ കുറിച്ചു.
'ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് രാത്രിയിൽ ഒരു മണിക്ക് പോലും ഫയലുകളുടെ കൂമ്പാരത്തിനു മുന്നിൽ ഇരുന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രൂപമാണെന്ന് പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് ചാക്കോച്ചൻ പറഞ്ഞു. വർഷങ്ങളായുള്ള ബന്ധമാണെന്നും ആ ഒരു ബന്ധത്തിന്റെ പുറത്താണ് വിമാനത്താവളത്തിൽ വന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു യഥാർഥ മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. എന്റെ കുടുംബത്തിലെ ചടങ്ങുകൾക്കെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഏതു സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അദ്ദേഹം എല്ലാവരെയും ഒരേപോലെ കാണുന്ന വ്യക്തിയാണ്. അദ്ദേഹവുമായി മാത്രമല്ല കുടുംബവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഈ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്.
എന്റെ അനുഭവത്തിൽ പറയാവുന്ന കാര്യമുണ്ട്, ഒരു ദിവസം രാത്രി ഒരുമണിയോടെ പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ കാണാനായി ഞാൻ വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച അദ്ദേഹത്തിന്റെ മുറിയിൽ ഫയലുകളുടെ കൂമ്പാരത്തിനകത്ത് അദ്ദേഹം ഇരിക്കുന്നതാണ്. രാത്രി ഒന്നരക്കു പോലും ജനങ്ങൾക്കുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഫയലുകൾ നോക്കുന്നു, ഫോൺ കോളുകൾ എടുക്കുന്നു, കുറെ ആൾക്കാർ ചുറ്റും ഇരിപ്പുണ്ട്. ആ സമയത്ത് പോലും അദ്ദേഹം അത്രയും തിരക്കിനിടയിൽ ആയിരുന്നു അതുകൊണ്ട് അദ്ദേഹവുമായി ഒരു സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തോന്നിയില്ല. ആരോഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആ രൂപമാണ് എനിക്ക് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്'–കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കഴിഞ്ഞ ഏറെകാലമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.