പൃഥ്വിരാജിന്റെ സയീദ് മസൂദിന്റ അമ്മയായി ബോളിവുഡ് താരം നയൻ ഭട്ട്; എമ്പുരാനിലെ പുതിയ താരം
text_fieldsമോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബോളിവുഡ് സിനിമ- സീരിയൽ താരം നയൻ ഭട്ടിന്റെ ക്യാരക്ടർ പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. സുരയ്യ ബിബി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റ അമ്മ കഥാപാത്രമാണിത്.
'വളരെ ശക്തമായ കഥാപാത്രമാണ് 'സുരയ്യ ബിബി'. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടത്തിലൂടെ കടന്നുപോയ അമ്മ. എത്രയൊക്കെ വലിയ വെല്ലുവിളികൾ വന്നാലും അവയെ എല്ലാം അവർ നിശബ്ദമായി നേരിടും. അതവരുടെ മുഖത്തും പ്രകടമാണ്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിനായി മൂന്ന് മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു.കഴിഞ്ഞ 55 വർഷമായി സിനിമയിലുണ്ട്. ഇതിനിടെ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എന്നാൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കുന്നത് വേറിട്ടൊരു അനുഭവമായിരുന്നു. അദ്ദേഹം മികച്ച നടനും അതിനേക്കാൾ മികവുറ്റ സംവിധായകനുമാണ്. ഞങ്ങൾ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ തിയറ്ററുകളിൽ പുതിയൊരു അനുഭവം നിങ്ങൾക്കു സമ്മാനിക്കും';നയൻ ഭട്ട് പറഞ്ഞു.
എമ്പുരാൻ മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.