‘നിങ്ങളുടെ വീടിന്റെ പേര് രാമായണ, പക്ഷേ ലക്ഷ്മിയെ ചിലർ റാഞ്ചിക്കൊണ്ടുപോയി’; സൊനാക്ഷി-സഹീർ ഇഖ്ബാൽ വിവാഹത്തിനെതിരെ വിവാദ പരാമർശവുമായി കുമാർ വിശ്വാസ്
text_fieldsമീററ്റ് (യു.പി): പ്രമുഖ നടൻ ശത്രുഘ്നൻ സിൻഹയുടെ മകളും നടിയുമായ സൊനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും മിശ്ര വിവാഹിതരായതിനെതിരെ വിവാദ പരാമർശങ്ങളുമായി കവിയും ആം ആദ്മി പാർട്ടി മുൻ നേതാവുമായിരുന്ന കുമാർ വിശ്വാസ്. രാമായണത്തിലെ മൂല്യങ്ങൾ തങ്ങളുടെ മക്കളുടെ മനസ്സകങ്ങളിൽ പതിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് ഒരു കവി സമ്മേളനത്തിൽ പങ്കെടുക്കവേ കുമാർ വിശ്വാസ് പറഞ്ഞു. സിൻഹ കുടുംബത്തെ വ്യംഗ്യമായി സൂചിപ്പിച്ച് കടുത്ത രീതിയിലുള്ള പരാമർശങ്ങളാണ് കുമാർ നടത്തിയത്.
ശത്രുഘ്നൻ സിൻഹയുടെ മുംബൈയിലെ വീടിന്റെ പേര് ‘രാമായണ’ എന്നാണ്. ഇതുമായി ബന്ധിപ്പിച്ചായിരുന്നു കവിയുടെ പരിഹാസങ്ങൾ. ‘നിങ്ങളുടെ കുട്ടികൾക്ക് സീതയുടെ സഹോദരിമാരെക്കുറിച്ചും ഭഗവാൻ രാമന്റെ സഹോദരന്മാരെക്കുറിച്ചും പറഞ്ഞുകൊടുക്കുക. അവരെ രാമായണം പഠിപ്പിക്കുകയും ഗീത ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അല്ലാതെ വീടിന് രാമായണ എന്ന് പേരിട്ടാലും നിങ്ങളുടെ ലക്ഷ്മിയെ മറ്റാരെങ്കിലും വന്ന് റാഞ്ചിക്കൊണ്ടുപോകും’ -കുമാർ വിശ്വാസ് പറഞ്ഞു. നേരത്തേ, നടൻ മുകേഷ് ഖന്നയും മക്കളെ ഇന്ത്യൻ പാരമ്പര്യം പഠിപ്പിച്ചില്ലെന്ന് പറഞ്ഞ് ശര്രതുഘ്നൻ സിൻഹയെ വിമർശിച്ചിരുന്നു.
ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 2024 ജൂൺ 23ന് വിവാഹിതരായത്. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നതെന്നും അതില്‍ മതത്തിന് കാര്യമില്ലെന്നും സഹീറിന്റെ പിതാവും വ്യവസായിയുമായ ഇഖ്ബാല്‍ റത്‌നാസി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൊനാക്ഷിയുടെ മാതാപിതാക്കളായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടെയും അടുത്ത മറ്റു ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
‘ഞങ്ങളുടെ പ്രിയപുത്രി സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലുമായുള്ള വിവാഹത്തിന്റെ സവിശേഷ ദിനം ‘നൂറ്റാണ്ടിന്റെ കല്യാണം’ എന്ന രീതിയിൽ ഞങ്ങൾക്കൊപ്പം ആഘോഷിച്ച എല്ലാരോടും നന്ദി അറിയിക്കുന്നു. അവരുടെ മനോഹരമായ ജീവിത യാത്രയിലെ പുതിയ അധ്യായം കുറിക്കുന്ന വേളയിൽ നിങ്ങൾ നൽകിയ ഊഷ്‌മളതക്കും സ്നേഹത്തിനും അഭിനന്ദന സന്ദേശങ്ങൾക്കും നന്ദി’ -വിവാഹത്തിനു പിന്നാലെ ശത്രുഘ്നൻ സിൻഹ സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.