'നിന്‍റെ തന്ത വീട്ടിലുണ്ടോ, ഇനി സിനിമ ചെയ്താൽ കൈ വെട്ടും'; മമ്മൂട്ടി നായകനായ ചിത്രത്തിന് ശേഷം വീട്ടിലേക്ക് വന്ന വിളിയെ കുറിച്ച് ലാൽ ജോസ്
text_fieldsമമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് പട്ടാളം. മീശമാധവന് ശേഷം ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ് തിയറ്ററിലെത്തിയത്. എന്നാൽ ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായി മാറാനായിരുന്നു ചിത്രത്തിന്‍റെ വിധി. ചിത്രം പൊട്ടിയതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് ലാൽ ജോസ്. റിലീസിന് ശേഷം മമ്മൂട്ടിയുടെ ആരാധകരാണെന്ന് പറഞ്ഞ് ആളുകൾ വീട്ടിലേക്ക് വിളിച്ചെന്നും മകളോട് മോശമായി സംസാരിച്ചെന്നും ലാൽ ജോസ് പറഞ്ഞു.
തന്‍റെ ഇളയമകളായിരുന്നു ഫോൺ എടുത്തതെന്നും മമ്മൂട്ടിയെ പോലൊരും മഹാനടനെ കോമാളി വേഷം കെട്ടിച്ചതിന് മാപ്പില്ലെന്നും ഇനി സിനിമ ചെയ്താൽ കൈവെട്ടുമെന്നും വിളിച്ചയാൾ മകളോടായി പറഞ്ഞെന്ന് ലാൽ ജോസ് വിവരിക്കുന്നു. മകൾ ഭയന്ന് സിനിമ വിട്ട് വീട്ടിൽ ഇരിക്കാൻ പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
'പട്ടാളം എന്ന സിനിമ റിലീസായിക്കഴിഞ്ഞ് എന്‍റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. ഇളയ മകളായിരുന്നു അന്ന് ഫോണെടുത്തത്. 'നിന്‍റെ തന്ത വീട്ടിലുണ്ടോ' എന്നായിരുന്നു വിളിച്ച ആൾ ചോദിച്ചത്. 'മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനെ ഓടിന്‍റെ പുറത്ത് കയറ്റുകയും പട്ടിയുടെ പിന്നാലെ ഓടിക്കുകയും ചെയ്‌ത് കോമാളിയാക്കിയതിന് അയാൾക്ക് മാപ്പില്ല. ഇനി സിനിമ ചെയ്യാൻ നിന്നാൽ അയാളുടെ കൈ വെട്ടും' എന്നായിരുന്നു അയാൾ പറഞ്ഞത്.
അതിന് ശേഷം എന്നോട് സിനിമ വിടാൻ മകൾ ആവശ്യപ്പെട്ടു. വീട്ടിൽ തന്നെ ഊണ് കഴിച്ച് കൂടാം എന്നായിരുന്നു മകൾ പറഞ്ഞുകൊണ്ടിരുന്നത്. എന്നെ പിന്നീട് പുറത്തേക്ക് വിടാൻ അവൾക്ക് പേടിയായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന് വേണ്ടി നമ്മൾ എടുത്ത എഫർട്ടും സ്ട്രെയിനും എല്ലാം പലരും മറക്കും. അതുവരെ നമ്മൾ ചെയ്‌ത പുണ്യങ്ങളെല്ലാം പാപമായി മാറും. അതിനെ അതിജീവിക്കുന്നത് വലിയൊരു കാര്യമാണ്,' ലാൽ ജോസ് പറഞ്ഞു.
മറവത്തൂർ കനവ് എന്ന ലാൽ ജോസിന്‍റെ ആദ്യ ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ. വ്യത്യസ്ത ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം സൂപ്പർഹിറ്റായിരുന്നു. പട്ടാളത്തിന് ശേഷം 2013ൽ പുറത്തിറിങ്ങിയ ഇമ്മാനുവലിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.