നടി ജലബാല വൈദ്യ അന്തരിച്ചു
text_fieldsപ്രശസ്ത നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യ (86) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽവെച്ചായിരുന്നു അന്ത്യം. മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ.
ഇന്ത്യൻ എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടേയും ഗായിക മാഡ്‌ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലായിരുന്നു ജനനം. ലണ്ടനിലും മുംബൈയിലുമായിട്ടായിരുന്നു പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ഡൽഹി സർവകലാശാലയിലെ മിരാന്റ കോളജിൽനിന്ന് ഇംഗ്ലീഷ് ഓണേഴ്‌സിൽ ബിരുദം നേടി.
പത്രപ്രവർത്തകയായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് കലയിലേക്ക് തിരിയുകയായിരുന്നു.1968-ലെ ‘ഫുൾ സർക്കിളി’ലൂടെയാണ് നടകത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ ടാഗോർ അവാർഡ്, ഡൽഹി നാട്യസംഘ അവാർഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാൾട്ടിമോർ, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡൽഹി സർക്കാരിൽനിന്ന് വാരിഷ് സമ്മാൻ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടൻ ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്ന ഷെട്ടി എന്നിവർ ചെറുമക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.