'എനിക്ക് ഇഷ്ടപ്പെട്ടില്ല, അതിനാൽ ആരും സിനിമ കാണരുത്... ഇതായിരുന്നു ചിലരുടെ മനോഭാവം'; വേദന തോന്നിയെന്ന് ലിജോ ജോസ്
text_fieldsമോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെ മലയാളത്തിലെ ഏറ്റവും മോശം സിനിമയായി ചിലർ പരിഗണിച്ചതിൽ വേദന തോന്നിയെന്ന് സംവിധായകൻ ലിജോ ജോസ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സിനിമകൾ, അമർ ചിത്ര കഥകൾ, പഞ്ചതന്ത്ര കഥകൾ, കോമിക് പുസ്തകങ്ങൾ തുടങ്ങിയ സൃഷ്ടികളിൽ നിന്നും ലോകമെമ്പാടുമുള്ള വിവിധ കലാരൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മലൈക്കോട്ടൈ വാലിബൻ ഒരുക്കിയത്. ചിലർ വാലിബനെ മലയാളത്തിലെ മോശം സിനിമയായി ചിത്രീകരിക്കാൻ ശ്രമിച്ചത് എന്നെ വിഷമിപ്പിച്ചു. ഒരു ശ്രമം നടക്കുമ്പോൾ അത് ആഘോഷിക്കപ്പെടണമെന്ന് ഞാൻ പറയുന്നില്ല. വിമർശനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളിൽ ചർച്ചകൾ തീർത്തും തെറ്റായ ദിശയിലായിരുന്നു.
ആളുകൾക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പറയുന്നത് ശരിയാണെങ്കിലും, സിനിമ കാണുന്നതിൽ നിന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നത് ന്യായമല്ല. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പുറത്തുവന്ന അഭിപ്രായങ്ങൾ അത്തരത്തിലുള്ളതായിരുന്നു. 'എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല, അതിനാൽ ഈ രാജ്യത്ത് ആരും കാണരുത്' അതായിരുന്നു ചിലരുടെ മനോഭാവം- ലിജോ ജോസ് പറഞ്ഞു.
ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയത്. അഞ്ച് ദിവസകൊണ്ട് 11. 45 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. മോഹൻലാലിനൊടൊപ്പം സുചിത്ര നായർ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സേട്ട്, മനോജ് മോസസ്, കഥാ നന്ദി, മണികണ്ഠൻ ആർ. ആചാരി എന്നിവരാണ് മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.