അങ്ങനെയൊരു ആരോപണം ഞങ്ങളുടെ യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു; കാസർകോട് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം. രഞ്ജിത്ത്
text_fieldsമയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമായതു കൊണ്ടാണ് കാസർകോട് ലൊക്കേഷനായി തിരഞ്ഞെടുക്കുന്നതെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ എം. രഞ്ജിത്ത്. എന്റെ സുഹൃത്തുക്കളെയും അറിയാവുന്ന ആളുകളെയും കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ടെന്നും രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
'മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും അറിയാവുന്ന ആളുകളെയും കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.' ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്താവന തെറ്റാണെന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ തന്റെ കടമയാണ്. വേദനിപ്പിച്ചതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു'- രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ് രംഗത്തെത്തിയിരുന്നു. കാസർകോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു. അധികം പകർത്തപ്പെടാത്ത കാസര്‍കോടിന്‍റെ ഉൾനാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും ജനങ്ങളുടെ സഹകരണവുമൊക്കെയാവാം സിനിമ പ്രവർത്തകരെ ഇവിടേക്ക് നോക്കാൻ പ്രേരിപ്പിച്ചതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.