'ഇത്ര പെട്ടെന്നൊരു വേർപാട്'; വിനോദ് തോമസിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ മധുപാൽ
text_fieldsനടൻ വിനോദ് തോമസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് നടനും സംവിധായകനുമായ മധുപാൽ. പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ ബാക്കിവെച്ചാണ് പിരിയുന്നതെന്നും തൊട്ടരികിൽ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാനാണിഷ്ടമെന്നും മധുപാൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
'വർഷങ്ങൾക്ക് മുമ്പ് ഒരു ഷോർട് ഫിലിമിൽ പള്ളിയിൽ അച്ചൻ ആയി അഭിനയിച്ചത് കണ്ടപ്പോൾ തോന്നിയ ഒരടുപ്പം ഉണ്ട്. പിന്നീട് അയ്യപ്പനും കോശിയിലെയും ചെറുതെങ്കിലും ഗംഭീരമായ വേഷം. പിന്നെ അയാളെ ഞാൻ കാണുന്നത് ഒപ്പം ക്യൂൻ ഓഫ് തോന്നയ്ക്കൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. എത്ര അനായാസമായാണ് വിനോദ് അഭിനയിക്കുന്നത്. എത്ര സ്നേഹത്തോടെയാണ് കഥാപാത്രങ്ങളെ കൂടെ കൂട്ടുന്നത്. എത്ര അടുപ്പത്തോടെയാണ് സഹപ്രവർത്തകരെ കരുതുന്നത്. പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ ബാക്കി വച്ച് പിരിയുന്നു എന്ന് ഓർക്കുവാനും ആവുന്നില്ല. തൊട്ടരികിൽ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കുവാനാണിഷ്ടം.പ്രിയപ്പെട്ട വിനോദ് ഇത്ര പെട്ടെന്ന് ഒരു വേർപാട്.... ഇനിയും എത്രയോ പേരെ കൂടെ ചേർക്കാനുള്ളതായിരുന്നു'- മധുപാൽ കുറിച്ചു.
ശനിയാഴ്ച( നവംബർ 10) രാത്രി എട്ടരയോടയാണ്, പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്ന് വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത് .പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.