ആശുപത്രി കിടക്കയിലും വേദി സ്വപ്നം കണ്ടു -മഹേഷ് കുഞ്ഞുമോൻ
text_fieldsദമ്മാം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രി കിടക്കയിൽ കഴിയുമ്പോഴും എത്രയും വേഗം സുഖം പ്രാപിച്ച് വേദിയിലേക്ക് തിരിച്ചെത്താൻ കഴിയണേ എന്ന് മാത്രമായിരുന്നു പ്രാർഥനയെന്നും വേദികളാണ് സ്വപ്നം കണ്ടതെന്നും ഹാസ്യകലാകാരൻ മഹേഷ് കുഞ്ഞുമോൻ. സ്പോട്ട് ഡബ്ബിങ്ങിലൂടെ ശ്രദ്ധേയനായ മഹേഷ് ദമ്മാമിൽ ‘ഹാർമോണിയസ് കേരള’യിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗൾഫ് മാധ്യമവുമായി സംസാരിക്കവേ തന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തിയ വാഹനാപകടത്തേയും അതിജീവനത്തേയും കുറിച്ച് സംസാരിക്കുകയായിരുന്നു. കലാകാരന്മാരായ കൊല്ലം സുധി, ബിനു അടിമാലി തുടങ്ങിയവരോടൊപ്പം വെളുപ്പിന് നാലര മണിക്ക് ഫ്ലവേഴ്സ് ടി.വി പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയി. അപകടം നടന്നതിനെ കുറിച്ചൊന്നും കാര്യമായ ഓർമയില്ല. മുഖം നീരുവെച്ച് മരവിച്ചു. വേദന ഉണ്ടായിരുന്നില്ല. 25 ദിവസം ആശുപത്രിയിലായിരുന്നു. മുഖത്ത് വിവിധ ഭാഗങ്ങളിലായി പല ഇടവേളകളിൽ നാല് സർജറികൾ ചെയ്തു. കട്ടിലിലായിരുന്നപ്പോഴും ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു. ആളുകളുടെ സ്നേഹവും പ്രാർഥനയും മാത്രമായിരുന്നു പിൻബലം -മഹേഷ് പറഞ്ഞു.
മെക്കാനിക്കൽ ഡിപ്ലോമക്കാരനിൽനിന്ന് മിമിക്രി കലാകാരനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും മഹേഷ് സംസാരിച്ചു. എറണാകുളത്തുനിന്ന് മെക്കാനിക്കൽ ഡിപ്ലോമ നേടിയ ശേഷം എച്ച്.എം.ടിയിലും എ.വി.ടിയിലും ജോലി ചെയ്തു. പ്രഫഷനൽ മിമിക്രി ആർട്ടിസ്റ്റായി കലാരംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹത്താൽ മുഴുവൻ സമയവും അതിനായി നീക്കിവെക്കാൻ വേണ്ടി ജോലി രാജിവെച്ചു.
കോമഡി ഉത്സവത്തിൽ പങ്കെടുത്തതോടെയാണ് കരിയർ ഗ്രാഫ് കുത്തനെ ഉയർന്നത്. കൂട്ടുകാർ പറഞ്ഞാണ് മിമിക്രിക്കാർക്ക് മാത്രമായി ‘കോമഡി ഉത്സവം’ എന്ന പേരിൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത്. ജ്യേഷ്ഠൻ അജേഷിനോപ്പം ഓഡിഷനു പോയി. ഡയറക്ടറുടെ മുമ്പിൽ പരിപാടി അവതരിപ്പിച്ചു. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. സ്പോട്ട് ഡബ്ബിങ് സെഷനാണ് ആദ്യം ചെയ്തത്. 12 എപ്പിസോഡുകൾ ചെയ്തു. ഇപ്പോൾ എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നു. എല്ലാവരും ഏറെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. പ്രവാസലോകത്തും വലിയ ആരാധകരുണ്ട് മഹേഷിന്.
പ്രാദേശിക സ്റ്റേജുകളിൽനിന്ന് വലിയ പ്ലാറ്റ്ഫോമിലേക്കുള്ള യാത്ര കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെതുമായിരുന്നു. ഇപ്പോൾ നിരവധി സ്റ്റേജ് പരിപാടികൾ ചെയ്യുന്നുണ്ട്. സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു. നിരവധി സിനിമകൾക്കു വേണ്ടി ഡബ്ബിങ് ചെയ്ത് കഴിഞ്ഞു. ഫഹദ് ഫാസിൽ (വേട്ടയൻ -മലയാളം), വിക്രം (മലയാളം -ഏഴ് കഥാപാത്രങ്ങൾ), അവതാർ (മലയാളം -നായക നടൻ), എസ്.ജെ. സൂര്യ (സാറ്റർഡേ -മലയാളം), ഷൈൻ ടോം ചാക്കോ (നീല വെളിച്ചം), വിനായകൻ (ധ്രുവ നക്ഷത്രം) എന്നിവർക്ക് വേണ്ടിയും അന്തരിച്ച നടന്മാരായ അനിൽ നെടുമങ്ങാട് (അവസാനത്തെ മൂന്ന് ചിത്രങ്ങൾ- പീസ്, പടവെട്ട്, കോൾഡ് കേസ്), പ്രതാപ് പോത്തൻ (ഹേർ), ഹരീഷ് പേങ്ങൻ (അന്വേഷിപ്പിൻ കണ്ടെത്തും), മാമുക്കോയ (ഓളവും തീരവും) എന്നിവർക്ക് വേണ്ടിയും ശബ്ദം നൽകി.
തിരക്കുള്ള നടന്മാർക്ക് ഡബ്ബിങ് ജോലികൾ തീർക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡബ്ബിങ്ങിന് സപ്പോർട്ട് ചെയ്യാറുണ്ട്. തമിഴിൽനിന്ന് ധാരാളം അവസരങ്ങൾ വരുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ മുതൽ വിജയ് സേതുപതി, സൂര്യ തുടങ്ങിയ തമിഴ് താരങ്ങളുടെ സ്പോട്ട് ഡബ്ബിങ് നടത്താറുണ്ട്. കലാരംഗത്ത് തുടരണമെന്ന് തന്നെയാണ് ആഗ്രഹം. ഡബ്ബിങ്ങിലും സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമയിലുമൊക്കെ നിരവധി അവസരങ്ങൾ വരുന്നുണ്ട്. ജ്യേഷ്ഠൻ അജേഷ് മിമിക്രി കലാകാരനാണ്. ജ്യേഷ്ഠന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അച്ഛനും അമ്മക്കുമൊപ്പം എറണാകുളത്ത് പുത്തൻകുരിശിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.