തിയറ്ററുകളിൽ കാഴ്ചക്കാരെ നിലനിർത്താൻ മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബന്' കഴിഞ്ഞോ?
text_fieldsഅതിമനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞ ചിത്രമാണ് മോഹൻലാൽ - ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ 'മലൈക്കോട്ടൈ വാലിബൻ'. മന്ദഗതിയിൽ കഥ പറഞ്ഞു തുടങ്ങിയ വാലിബന്റെ യാത്ര തിയറ്ററുകളിൽ ഇപ്പോഴും തുടരുകയാണ്. ജനുവരി 25 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ എല്ലാ പ്രേക്ഷകരെയും പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.
നാല് ദിവസം കൊണ്ട് 10.80 കോടിയാണ് 'മലൈക്കോട്ടൈ വാലിബൻ' നേടിയിരിക്കുന്നത്. സാക്‌നില്‍ക്ക് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച 1.25 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. 5.65 കോടിയായിരുന്നു വാലിബന്റെ ഓപ്പണിങ് കളക്ഷൻ. രണ്ടാം ദിവസം 2.4 കോടിയായി ചുരുങ്ങി. മൂന്നാം ദിവസം 1.5 കോടിയായിരുന്നു ഇന്ത്യയിൽ നിന്ന് സമാഹരിച്ചത്.
ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും ലിജോ പ്രസ്മീറ്റിൽ പറഞ്ഞു. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമയാണിത്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്.അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലായിട്ടാണ് 'മലൈക്കോട്ടൈ വാലിബൻ' എത്തിയത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മധു നീലകണ്ഠന്‍ ആണ് കാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.