Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിറപുഞ്ചിരിയോടെ...

നിറപുഞ്ചിരിയോടെ സൂര്യക്കും ബോബി ഡിയോളിനുമൊപ്പം സെൽഫി; പിന്നാലെ മരണത്തിലേക്ക് മറഞ്ഞ് നിഷാദ്

text_fields
bookmark_border
നിറപുഞ്ചിരിയോടെ സൂര്യക്കും ബോബി ഡിയോളിനുമൊപ്പം സെൽഫി; പിന്നാലെ മരണത്തിലേക്ക് മറഞ്ഞ് നിഷാദ്
cancel

ഫിലിം എഡിറ്റർ നിഷാദ് യൂസുഫിന്റെ അകാല വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രസംയോജകനായി മാറിയ നിഷാദ് ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് അടുത്ത സൃഹൃത്തുക്കൾ അടക്കമുള്ളവർ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് ഇന്ന് പുലർച്ചെ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കൊച്ചി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം ഹരിപ്പാ​ട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. 43 വയസ്സായിരുന്നു. ഭാര്യയും രണ്ടു മക്കളുമാണ് നിഷാദിനുള്ളത്.

അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ ചിത്രം കങ്കുവയുടെ എഡിറ്റർ നിഷാദായിരുന്നു. സൂര്യക്കൊപ്പം ബോളിവുഡ് നടൻ ബോബി ഡിയോളും ചിത്രത്തിൽ അണിനിരക്കു​ന്നുണ്ട്. ഒക്ടോബർ 27ന് ചെന്നൈയിൽ കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ നിഷാദ് പ​ങ്കെടുത്തിരുന്നു. സൂര്യക്കും ബോബി ഡിയോളിനുമൊപ്പം എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ചടങ്ങിൽ ഏറെ പ്രസന്നവദനായി കാണപ്പെട്ട നിഷാദ് സിനിമയുടെ അണിയറ പ്രവർത്തകരുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് അപ്രതീക്ഷിതമായി വിയോഗവാർത്ത എത്തിയിരിക്കുന്നത്.

നിഷാദിന്റെ മരണത്തിൽ ഫെഫ്ക അനുശോചിച്ചു. ‘മലയാള സിനിമയുടെ സമകാലിക ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് പെട്ടെന്ന് ഉൾക്കൊള്ളാനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂനിയൻ അനുശോചിക്കുന്നു.

നിഷാദ് യൂസഫിന്‍റെ വിയോഗത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. ‘പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേർപാട് അങ്ങേയറ്റം ദുഃഖകരമാണ്. കരിയറിന്റെ ഉന്നതിയിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ഈ വിയോഗം മലയാള സിനിമയെ സംബന്ധിച്ചും വലിയ നഷ്ടമാണ്. സമകാലിക മലയാള സിനിമയുടെ ഭാവുകത്വം നിർണയിച്ച എഡിറ്റിങ് സ്റ്റൈലാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാലോകത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ’ -മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കങ്കുവക്ക് പുറമെ മമ്മൂട്ടി ചിത്രം ബസൂക്ക, നെസ്‍ലിൻ-ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിലെ ആലപ്പുഴ ജിംഖാന തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ. സൂര്യയുടെ അടുത്ത ചിത്രത്തിലും നിഷാദിനെ എഡിറ്ററായി പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film EditorKanguvaNishadh Yusuf
News Summary - Malayalam Cinema mourns Nishadh Yusuf's Death
Next Story