കാണുമ്പോലെ ആളത്ര നിസാരക്കാരനല്ല, ജഗജില്ലിയാണ്; വൈറലായി ത്രോബാക്ക് ചിത്രം
text_fieldsതാരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലപ്പോഴും ആരാധകരാണ് ഇത്തരം ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. എന്നാലിപ്പോൾ വൈറലായിരിക്കുന്നത് ഒരു സംവിധായകന്റെ ചിത്രമാണ്. മലയാള സിനിമയുടെ പേര് അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്ന ഈ സംവിധായകനാകട്ടെ താരങ്ങൾക്ക് മുകളിലാണ് ആരാധകർ സ്ഥാനം നൽകിയിരിക്കുന്നത്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുട്ടിക്കാല ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലിജോയുടെ കൈകെട്ടിയുള്ള സ്ഥിരം പോസാണ് ഫോട്ടോയിലുള്ളത്. മോഹൻലാലിനെ നായകനാക്കിയുള്ള ‘മലൈക്കോട്ട വാലിബൻ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ലിജോ ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞു. ലിജോയും മോഹൻലാലും ആദ്യമായി കൈകോർക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘മലൈക്കോട്ട വാലിബനു’ണ്ട്.
അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ. 2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോയുടെ സംവിധാന അരങ്ങേറ്റം. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ലിജോ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറി.
പരീക്ഷണങ്ങളും പ്രമേയവൈവിധ്യവുംകൊണ്ട് ശ്രദ്ധേയമാണ് ഓരോ ലിജോ സിനിമയും. 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) മരണം പ്രമേയമാക്കിയ ഈ.മ.യൗ മലയാളത്തിലെ മാജിക്കൽ റിയലിസം പരിചയപ്പെടുത്തിയ ആമേൻ എന്നിവയൊക്കെ ലിജോയ്ക്ക് വലിയ ജനപ്രീതിയാണ് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഐഎഫ്എഫ്ഐ 2018ൽ മികച്ച സംവിധായകനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം, ഐഎഫ്എഫ്കെ 2018ൽ മികച്ച സംവിധായകനുള്ള ഗോൾഡൻ ക്രോ ഫെസന്റ് എന്നിവ ഈ.മ.യൗ നേടിയിട്ടുണ്ട്.
2019ൽ ഗോവയിൽ വെച്ച് നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (രണ്ടാം വർഷവും തുടർച്ചയായി) മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിലും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ലിജോ ആയിരുന്നു. ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ലിജോയുടെ മറ്റ് സൃഷ്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.