ഈ വിവാഹചിത്രത്തിലെ വരനെ മനസിലായോ; ഇത് മലയാളികളുടെ പ്രിയസംവിധായകൻ
text_fieldsവിവാഹവാർഷികത്തോട് അനുബന്ധിച്ച് പഴയകാല ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസ്. സമൂഹമാധ്യമത്തിലാണ് അദ്ദേഹം വിവാഹദിനത്തിലെ ചിത്രം പങ്കുവച്ചത്. ചിത്രം ആരാധകർ ഏറ്റെടുത്തു.
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന സംവിധായകനാണ് ലാൽ ജോസ്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്. ‘അന്നു തുടങ്ങിയ അതിസാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു. വിവാഹവാർഷികാശംസകൾ ലീന, എന്നെ സഹിക്കുന്നതിനു നന്ദി’-ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംവിധായകൻ കമലിന്റെ സഹായിയായാണ് ലാൽ ജോസ് ചലച്ചിത്രലോകത്തെത്തിയത്. 1998ൽ ‘ഒരു മറവത്തൂർ കനവ്’എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, പട്ടാളം, രസികൻ, ചാന്ത്‌പ്പൊട്ട്, മുല്ല, നീലത്താമര, എൽസമ്മ എന്ന ആൺകുട്ടി, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘സോളമന്റെ തേനീച്ചകൾ’ (2022) ആണ് ഒടുവിൽ റിലീസിനെത്തിയ ചിത്രം.
എല്‍.ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അജ്‍മല്‍ സാബുവാണ് നിര്‍വഹിച്ചത്. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം വിദ്യാസാഗറുമായിരുന്നു. തീയറ്ററില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒടിടിയിലും റിലീസായി. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സംവിധാനത്തിനൊപ്പം അഭിനയത്തിലും സജീവമാണ് ലാൽ ജോസ്. അഴകിയ രാവണൻ, ഓം ശാന്തി ഓശാന, റോക്ക് ആൻഡ് റോൾ, ബെസ്റ്റ് ആക്റ്റർ, നടൻ, ഒരു മുത്തശ്ശി കഥ, വരനെ ആവശ്യമുണ്ട്, സോളമന്റെ തേനീച്ചകൾ എന്നീ ചിത്രങ്ങളിലെല്ലാം ലാൽ ജോസ് അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.