ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ് -മമ്മൂട്ടി
text_fieldsഓൺലൈൻ ചാനൽ അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തിൽ നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ മമ്മൂട്ടി. വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞു.
തൊഴിൽ നിഷേധം തെറ്റാണ്. ശ്രീനാഥിനെ വിലക്കിയിട്ടില്ലെന്നാണ് ഞാൻ അറിഞ്ഞത്. വിലക്കാൻ പാടില്ല -മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നേരത്തെ ഖത്തറിലും ഈ വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ലെന്നും സാമാന്യ ധാരണയാണ് വേണ്ടതെന്നുമാണ് അന്ന് മമ്മൂട്ടി പറഞ്ഞത്.
സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടനെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും വിലക്കേർപ്പെടുത്തുകയും ചെയ്തത്. ഭാസി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കുമെന്നും എന്നാൽ തൽകാലം പുതിയ പടങ്ങൾ നൽകില്ലെന്നുമാണ് നിർമാതാക്കൾ അറിയിച്ചത്. വിലക്ക് എത്ര നാളത്തേക്ക് ആണെന്നത് സംഘടന തീരുമാനിക്കുമെന്നും ശിക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
നിലവിൽ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അവതാരക പരാതി പിൻവലിച്ചതോടെയാണ് കോടതി നടപടി. അവതാരകയുടെ പരാതിയിൽ അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരുന്നത്. തുടർന്ന് മരട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.
അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ അദ്ദേഹത്തിന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.