'ചെറുതും വലുതുമായ റോളുകൾ ചെയ്യാൻ തയാറാണ്, അദ്ദേഹം ചിന്തിക്കുന്നത് ഒറ്റ കാര്യം മാത്രം'; ഇന്ത്യൻ സംവിധായകരുടെ ഇടയിൽ ചർച്ചയായി മമ്മൂട്ടി
text_fieldsഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ സംവിധായകരുടെ റൗണ്ട് ടേബിൾ അഭിമുഖത്തിൽ ചർച്ചയായി നടൻ മമ്മൂട്ടി. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, സോയ അക്തർ, മലയാളം സംവിധായകൻ മഹേഷ് നാരായണൻ, തമിഴ് സംവിധായകരായ വെട്രിമാരൻ, പാ രഞ്ജിത്ത് എന്നിവരായിരുന്നു അഭിമുഖത്തിൽ പങ്കെടുത്തത്. ഇൻസെക്യൂരിറ്റിയൊട്ടിമില്ലാത്ത നടനാണ് മമ്മൂട്ടിയെന്നും സിനിമയിൽ ഇനി പുതിയതായി എന്ത് ചെയ്യാമെന്നാണ് അദ്ദേഹം നോക്കുന്നതെന്നും മഹേഷ് നാരായണൻ പറഞ്ഞു.
'സൂപ്പർ താരത്തിന്റെ ബാഗേജ് ഇല്ലാത്ത് അഭിനേതാവാണ് മമ്മൂട്ടി. സിനിമയിൽ എത്ര ചെറിയ റോളാണെങ്കിലും അദ്ദേഹം ചെയ്യാൻ തയാറാണ്. അതുപോലെ 40 ദിവസത്തെ ഷൂട്ടാണെങ്കിലും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. യാതൊരുവിധത്തിലുള്ള ഇൻസെക്യൂരിറ്റിയും ഇല്ലാത്ത നടനാണ് മമ്മൂട്ടി. തിരക്കഥയിൽ എഴുതിവെച്ചിരിക്കുന്ന തന്റെ കഥാപത്രം എങ്ങനെ മനോഹരമായി ചെയ്യാമെന്ന് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്.അമിതാഭ് ബച്ചനെ പോലെ എല്ലാതരത്തിലുള്ള റോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇനി എന്ത് പുതിയത് ചെയ്യാം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്'-മഹേഷ് നാരായണൻ പറഞ്ഞു.
സംവിധായകരായ വെട്രിമാരനും പാ. രഞ്ജിത്തും കരൺ ജോഹറും മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു. 'സിനിമയിലേക്ക് പുതിയതായി കടന്നു വരുന്നവർക്ക് മമ്മൂട്ടി ഒരു പ്രചോദനമാണ്. ഒരു വഴികാട്ടിയുണ്ടെങ്കിൽ മാത്രമേ പിന്നാലെ വരുന്നവർക്ക് അതുപോലെ ആകണമെന്ന് ആഗ്രഹം ഉണ്ടാവുകയുള്ളൂവെന്ന് '- വെട്രിമാരൻ വെളിപ്പെടുത്തി. മമ്മൂട്ടി അഭിനയിക്കുന്നതിനോടൊപ്പം നിർമിച്ച ചിത്രങ്ങളായ നൻപകൽ നേരത്ത് മയക്കം, കാതൽ, ഭ്രമയുഗം എന്നീ സിനിമകളെക്കുറിച്ചും ഇവർ സംസാരിച്ചു.'കാതലിൽ അഭിനയിക്കുന്നതോടൊപ്പം അത് മമ്മൂട്ടി നിർമിച്ചത് ഗ്രൗണ്ട്ബ്രേക്കിങ് ആയിരുന്നു' എന്നാണ് കരൺ ജോഹർ പറഞ്ഞത്.
അതേസമയം മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാകും ഇത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിര്‍മിക്കുക എന്നും പറയപ്പെടുന്നു. കേരളത്തോടൊപ്പം ശ്രീലങ്കയും സിനിമയുടെ പ്രധാന ലൊക്കേഷനിൽ ഒന്നാകും എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.