മെഗാസ്റ്റാറിനെ കാണാൻ കാടിന്റെ മക്കൾ; ആദിവാസി സംഘത്തിന് സ്നേഹ സമ്മാനം നൽകി മമ്മൂട്ടി
text_fieldsപ്രിയതാരം മമ്മൂട്ടിയ കാണാൻ കാടിറങ്ങി എത്തിയതാണ് ആദിവാസി മൂപ്പനും സംഘവും. ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വയനാടിലാണിപ്പോൾ താരം. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍ക്കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
28 കുടുംബങ്ങൾക്കുവേണ്ട വസ്ത്രങ്ങൾ താരം സമ്മാനിച്ചു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സമ്മാന വിതരണം നടന്നത്.
ഫൗണ്ടേഷന്റെ മാനേജിങ്ങ് ഡയറക്ടറായ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കേളനിയിലെ ഓരോ വീടുകൾ സന്ദർശിച്ചും വസ്ത്രങ്ങൾ നൽകി. ആദിവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനു മുൻപും ആദിവാസി ഊരുകളിൽ വീൽ ചെയർ, സ്ട്രെച്ചറുകൾ എന്നിവ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നൽകിയിട്ടുണ്ട്.
ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രം വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ഡി.എഫ്.ഒ. സജ്ന എ., റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുള്‍ സമദ്, കെയര്‍ ആന്‍ഡ് ഷെയര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ മറ്റ് ഫോറസ്റ്റ് അധികൃതര്‍ എന്നിവരും പങ്കെടുത്തു.
കൊച്ചി ബ്രഹ്മപുരം തീപിടുത്തത്തിലും മമ്മൂട്ടിയുടെ സഹായം എത്തിയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലേക്ക് ഓക്സിജൻ കോൺസൺട്രേറ്ററുകളും മരുന്നുകളുമായി മെഡിക്കൽ സംഘം പര്യടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.