മമ്മൂട്ടിക്ക് അർബുദമില്ല, റമദാൻ വ്രതത്തിനിടക്ക് വിശ്രമം എടുത്തതാണ്; വാർത്തകൾ തള്ളി പി.ആർ ടീം
text_fieldsമമ്മൂട്ടി
കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് അർബുദം സ്ഥിരീകരിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയാണ്. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന് അർബുദം സ്ഥിരീകരിച്ചുവെന്നുമായിരുന്നു വാർത്തകളിൽ ചിലത്.
ഇപ്പോൾ ഇതെല്ലാം വ്യാജമാണെന്നും നടന് ഒരുതരത്തിലുള്ള അസുഖവുമില്ലെന്നും റമദാൻ വ്രതത്തിന്റെ ഭാഗമായി വിശ്രമത്തിലാണെന്നും അതിനാലാണ് ഷൂട്ടിങ്ങിന് ഇടവേളയെടുത്തിരിക്കുന്നതെന്നും വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് മമ്മൂട്ടി ടീം. ഇതോടെ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായി.
മിഡ് ഡെക്കു നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പി.ആർ ടീം വ്യാജവാർത്തകളെ കരുതിയിരിക്കണമെന്ന് സൂചന നൽകിയത്.
''എല്ലാം വ്യാജ വാർത്തകളാണ്. റമദാൻ വ്രതമെടുക്കുന്നതിനായി അവധിയിലാണ് അദ്ദേഹം. ഷൂട്ടിങ്ങിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. റമദാൻ കഴിയുന്നതോടെ അദ്ദേഹം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ സജീവമാകും.''-മമ്മൂട്ടി ടീം അറിയിച്ചു.
ഈ സിനിമയിൽ മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുൾപ്പെടെയുള്ള വൻതാരനിരയാണ് അണിനിരക്കുന്നത്. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. മമ്മൂട്ടിയുടെ 2013ൽ പുറത്തിറങ്ങിയ കടൽ കടന്ന് ഒരു മാത്തുകുട്ടി എന്ന സിനിമയിൽ മോഹൽലാൽ ചെറിയ വേഷം ചെയ്തിരുന്നു. 2011ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ക്രിസ്ത്യൻ ബ്രദേഴ്സിൽ മമ്മൂട്ടിയും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. 2008 ൽ ട്വന്റി ട്വന്റിയിലാണ് ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിച്ചത്.
ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൊച്ചിയിലും ഒരു ഷെഡ്യൂൾ അസർബൈജാനിലും പൂർത്തിയായിരുന്നു. കൊച്ചിയിലും ഷൂട്ട് നടന്നിരുന്നു. ഡൽഹിയിലും ഒരു ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ട്. ശ്രീലങ്ക, ഹൈദരാബാദ്,വിശാഖപട്ടണം, തായ്‍ലൻഡ് എന്നിവയും ഷൂട്ടിങ് ലൊക്കേഷനുകളാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ സിനിമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.