മാമുക്കോയ; നിലപാടുള്ള നടൻ
text_fieldsടി.പി. ചന്ദ്രശേഖരൻ വധത്തിൽ മാമുക്കോയ കടുത്ത വിമർശനമുയർത്തി. പൗരത്വപ്രക്ഷോഭ കാലത്ത് ചാപ്പകുത്തപ്പെടുമെന്ന ഭയത്താൽ പല പ്രമുഖരും നിശ്ശബ്ദത പാലിച്ചപ്പോൾ സമരവേദികളിൽ അദ്ദേഹം ആഞ്ഞടിച്ചു
വെട്ടിത്തുറന്നു പറയുന്ന രാഷ്ട്രീയ, സാമൂഹിക നിലപാടുകളാണ് മാമുക്കോയയെ മറ്റു നടന്മാരിൽനിന്ന് വ്യത്യസ്തനാക്കിയത്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ അദ്ദേഹത്തിന് ഒട്ടും ഭയമില്ലായിരുന്നു.
നാടിനെ നടുക്കിയ ടി.പി. ചന്ദ്രശേഖരൻ വധത്തിൽ മാമുക്കോയ കടുത്ത വിമർശനമുയർത്തി. അബ്ദുന്നാസിർ മഅ്ദനിയെ വിചാരണ തടവുകാരനായി അനിശ്ചിതമായി ജയിലിലടച്ചതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ലവ് ജിഹാദ് കുപ്രചാരണങ്ങൾക്കെതിരെ സ്വതസിദ്ധ ശൈലിയിൽ നടത്തിയ വിമർശനം ശ്രദ്ധേയമായിരുന്നു.
ലവ് എന്നാൽ അർഥം പിരിശമാണെന്നും പിരിശത്തിൽ അകപ്പെട്ടാൽ കുരുക്കഴിക്കാൻ പ്രയാസമാണെന്നും അതിനെ ജിഹാദായി കാണുന്നത് സമൂഹത്തിൽ ഭിന്നതയും വർഗീയതയും സൃഷ്ടിക്കലാണെന്നും അദ്ദേഹം തുറന്നടിച്ചു.
പൗരത്വപ്രക്ഷോഭ കാലത്ത് ചാപ്പകുത്തപ്പെടുമെന്ന ഭയത്താൽ പല പ്രമുഖരും നിശ്ശബ്ദത പാലിച്ചപ്പോൾ സമരവേദികളിൽ മാമുക്കോയ ആഞ്ഞടിച്ചു. ഫാഷിസ്റ്റുകൾ എഴുത്തുകാരെയും കലാകാരന്മാരെയും ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഗാന്ധിയെ കൊന്നവര്‍ കാലങ്ങള്‍ക്കുശേഷം കൊലയാളിയെ ആദരിക്കുന്നു. നമ്മള് ജനിച്ച നാട്ടില്‍ നമ്മള് ജീവിക്കും, മരിക്കും. ഇതിന് ആരുടെയും അനുവാദം വേണ്ട. ജീവനെ ഭയപ്പെടുന്നവരും പ്രതികരണശേഷി ഇല്ലാത്തവരുമാണ് ഫാഷിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്.
നമ്മുടെ പൗരത്വത്തെ, സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ നമ്മള് എതിര്‍ക്കും’’ -നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നതിൽ മാമുക്കോയക്ക് ഭയമില്ലായിരുന്നു. കോൺഗ്രസ് വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സാന്നിധ്യമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.