തോർന്നു, ചിരിമഴക്കാലം; മലയാള സിനിമയിലെ മലബാർ അംബാസഡർ
text_fieldsകോഴിക്കോട്: കഥാപാത്രമാകാൻ ഒരിക്കൽപോലും അഭിനയിക്കേണ്ടിവന്നിട്ടില്ലാത്ത ഒരേയൊരു നടനേ മലയാളത്തിലുണ്ടാവൂ, അതാണ് ബുധനാഴ്ച വിടപറഞ്ഞ മാമുക്കോയ. അല്ലെങ്കിൽ ഒരിക്കൽപോലും അഭിനയിക്കേണ്ടിവന്നിട്ടില്ലാത്ത കഥാപാത്രങ്ങളേ മാമുക്കോയയെ തേടിവന്നിട്ടുള്ളു.
ഗൾഫിൽ പോയി രക്ഷപ്പെടാൻ കള്ളലോഞ്ച് കയറുന്ന ദാസനും വിജയനും മുന്നിൽ ഒരൊറ്റ വഴിയാണ് മാമുക്കോയയുടെ കഥാപാത്രം പറഞ്ഞുകൊടുക്കുന്നത്. ‘അസ്സലാമു അലൈക്കും, വഅലൈക്കുമുസ്സലാം...’ സ്വന്തം പരിസരത്ത് എവിടെയോ കണ്ടുപരിചയിച്ച ഒരു ബോട്ട് ജീവനക്കാരനെ ഒന്നോർമിക്കുകമാത്രം മതിയായിരുന്നു മാമുക്കോയക്ക് ‘ഗഫൂർക്ക ദോസ്ത്’ എന്ന ആ കഥാപാത്രം അവതരിപ്പിക്കാൻ.
മാണ്ട..!
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയുമായി സത്യനും പ്രേംനസീറും മലബാറിന്റെ ഭാഷയെന്ന് തെറ്റിദ്ധരിച്ച് ‘ഹമുക്കേ, ഞമ്മള്...’ എന്നൊക്കെ അക്ഷരവടിവിൽ നാവുളുക്കിയ മലയാള സിനിമയിലാണ് തനി കോഴിക്കോടൻ വാമൊഴിച്ചന്തം മുഴുകാലവും പേറി മാമുക്കോയ മലബാറിന്റെ ബ്രാൻഡ് അംബാസഡറായത്.
‘ഹിസ് ഹൈനസ് അബ്ദുല്ല’യിൽ ശങ്കുണ്ണി നായരെന്ന വ്യാജേന രാജകൊട്ടാരത്തിൽ വരുന്ന ജമാൽ എന്ന കഥാപാത്രത്തെ നോക്കൂ. തന്റെ സ്വത്വം, ഒളിപ്പിച്ചുവെക്കാൻ കഴിയാത്തവിധത്തിൽ അയാളുടെ ‘മാണ്ട..’ എന്ന നാട്ടുപ്രയോഗത്തിലൂടെ പുറത്തുചാടുന്നുണ്ട്.
ആ ഭാഷയുടെ നിഷ്കളങ്കമായ പ്രയോഗസൗന്ദര്യത്തിനു വേണ്ടിമാത്രം മാമുക്കോയക്കായി തിരക്കഥാകൃത്തുക്കൾ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. അവർക്കേറെയും മുസ്ലിം പേരുകളും നൽകി. നെന്മാറക്കാരൻ നായരായി അഭിനയിക്കുമ്പോഴും സ്വന്തത്തെ ഒഴിവാക്കാതെ ആ വേഷത്തിലും മാമുക്കോയ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്.
ചെറു വേഷത്തിൽ തുടക്കം
1979ൽ നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമിയിലെ’ ചെറിയ വേഷത്തിലൂടെ സിനിമയിൽ തുടങ്ങിയെങ്കിലും 1986ലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ മാമുക്കോയയെ തിരഞ്ഞുവന്നത്. സിബി മലയിലിന്റെ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലെ കുണ്ടാംകടവ് എൽ.പി സ്കൂളിലെ അറബി മുൻഷിയായിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.
1987ൽ ‘നാടോടിക്കാറ്റ്’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ വേഷം മാമുക്കോയയെ മലയാളിയുടെ ‘ഗഫൂർ കാ ദോസ്ത്’ ആക്കി മാറ്റി. പിന്നീടുള്ള ഒട്ടുമിക്ക സത്യൻ അന്തിക്കാട് സിനിമകളിലും മാമുക്കോയ സ്ഥിരം സാന്നിധ്യമായി.
ചിരിയും കണ്ണീരും
അർത്ഥത്തിലെ കുഞ്ഞിക്കണ്ണനും വടക്കുനോക്കി യന്ത്രത്തിലെ ഫോട്ടോഗ്രാഫറും മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരനുമൊക്കെ തിരക്കേറിയ ഹാസ്യതാരമായി മാമുക്കോയയെ മാറ്റുന്ന കാഴ്ചയാണ് എൺപതുകളുടെ രണ്ടാം പകുതിയിൽ കണ്ടത്.
മതിമറന്ന് ചിരിച്ചുപോകുന്ന ഡയലോഗുകൾക്കിടയിൽനിന്ന് ഒരൊറ്റ വാചകം കൊണ്ട് കണ്ണുനിറക്കാനും മാമുക്കോയക്ക് കഴിയുമായിരുന്നു. ‘റാംജി റാവു സ്പീക്കിങ്ങി’ലെ ഹംസക്കോയ കടംവാങ്ങി മുങ്ങിയ ബാലകൃഷ്ണനോട് പറയുന്ന ഡയലോഗിന്റെ അവസാനഭാഗം കണ്ണുനീരിൽനിന്നെടുത്തതായിരുന്നു.
വിദ്യാരംഭത്തിലെ വെങ്കിടേശനും സന്ദേശത്തിലെ നേതാവും തലയണമന്ത്രത്തിലെ മേസ്തിരിയുമൊക്കെ മാമുക്കോയക്കു മാത്രം ഗംഭീരമാക്കാൻ കഴിഞ്ഞ വേഷങ്ങൾ. കൺകെട്ടിലെ കീലേരി അച്ചു എന്ന കഥാപാത്രം ഇക്കാലത്തും ഓർത്തിരിക്കും. കണ്വ മഹർഷിയായാലും ക്ഷേത്രത്തിലെ പൂജാരിയായാലും ആ കഥാപാത്രം കോഴിക്കോടിന്റെ തനിമയിൽനിന്നുള്ളതായിരുന്നു.
നടനത്തിന്റെ കൈയൊപ്പ്
‘പെരുമഴക്കാല’ത്തിലെ അബ്ദു എന്ന കഥാപാത്രത്തിലൂടെ തന്നിലെ നടനെ തെളിച്ചുകാണിക്കാൻ മാമുക്കോയക്ക് കഴിഞ്ഞു. 2008ൽ ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ ഷാജഹാൻ എന്ന കഥാപാത്രത്തിലൂടെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരവും നേടി.
2007ൽ കൈയൊപ്പ് എന്ന ചിത്രത്തിലെ ആലിക്കോയ എന്ന കഥാപാത്രം ഹാസ്യത്തിനപ്പുറത്തേക്കുള്ള മാമുക്കോയയുടെ പാടവം വ്യക്തമാക്കുന്നതായിരുന്നു. അതിൽനിന്ന് വികസിച്ച മറ്റൊന്നായിരുന്നു അവസാന കാലത്ത് അഭിനയിച്ച ‘കുരുതി’യിലെ കഥാപാത്രം. മൂസ ഖാദർ എന്ന വേഷം ഒരുപക്ഷേ, മാമുക്കോയ അവതരിപ്പിച്ചതിൽവെച്ച് ഏറ്റവും ശക്തമായതാണ്.
മുഹ്സിൻ പരാരി സംവിധാനം ചെയ്ത ആദ്യ മാപ്പിള ഹിപ്ഹോപ് ആൽബമായ ‘നേറ്റീവ് ബാപ്പ’യിലും മാമുക്കോയ വേഷമിട്ടു. സാധാരണക്കാരുടെ ജീവിതത്തിന്റെ നനുത്ത സന്ദർഭങ്ങളായിരുന്നു മാമുക്കോയയുടെ തമാശകൾ. അവയിലെല്ലാം മലബാറിന്റെ തനി നാടൻ മനുഷ്യരുടെ ആലങ്കാരികതകളില്ലാത്ത ഭാഷകൊണ്ട് മുദ്രചാർത്താനും മാമുക്കോയക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.