മാമുക്കോയയെ സിനിമക്കാർ അവഗണിച്ചു; സാധാരണക്കാർ നാനാതുറകളിൽനിന്ന് ഒഴുകിയെത്തി...
text_fieldsകോഴിക്കോട്: മലയാള സിനിമയിൽ നാലു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്നിട്ടും നടൻ മാമുക്കോയക്ക് അന്ത്യോപചാരമർപ്പിക്കാൻ സിനിമാലോകത്തെ പ്രമുഖരാരും എത്തിയില്ല. ബുധനാഴ്ച രാത്രി 11വരെ കോഴിക്കോട് ടൗൺഹാളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിനുവെച്ച മാമുക്കോയയെ കാണാൻ എത്തിയത് വിരലിലെണ്ണാവുന്ന സിനിമക്കാർ മാത്രം. സംവിധായകരിൽ സത്യൻ അന്തിക്കാടും വി.എം. വിനുവും മാത്രമാണ് ടൗൺഹാളിൽ എത്തി അന്ത്യോപചാരമർപ്പിച്ചത്. സുരഭി ലക്ഷ്മി, നീരജ് മാധവ്, നിർമൽ പാലാഴി, അബു സലീം, ബാബു സ്വാമി, കോഴിക്കോട് നാരായണൻ നായർ തുടങ്ങിയ ഏതാനും നടീനടന്മാരും ടൗൺഹാളിൽ എത്തിയിരുന്നു.
രാത്രി വൈകി മലയാള സിനിമയിലെ പ്രമുഖർ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തുമെന്നു കരുതി നാട്ടുകാർ വെളുക്കുവോളം വീടിനു മുന്നിൽ കാത്തുനിന്നിന്നെങ്കിലും ആരും ആ വഴിക്കു വന്നില്ല. രാവിലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടന്മാരായ ജോജു ജോർജ്, ഇർഷാദ്, സാദിഖ് എന്നിവരും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മയ്യിത്ത് നമസ്കാരത്തിനായി അരക്കിണർ മുജാഹിദ് പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ ജോജു ജോർജും അനുഗമിച്ചു. അന്ത്യവിശ്രമസ്ഥലമായ കണ്ണംപറമ്പിൽ സിനിമ പ്രവർത്തകർ എത്തുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. കോഴിക്കോട്ടും സമീപ ജില്ലകളിലും ഷൂട്ടിങ് നടന്നുകൊണ്ടിരുന്നിട്ടും സിനിമക്കാർ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നിർമാതാവ് ലിബർട്ടി ബഷീറും സംവിധായകൻ വി.എം. വിനുവും ആരോപിക്കുകയുമുണ്ടായി.
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഫോണിൽ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. മോഹൻലാൽ കൊറിയയിലായിരുന്നു. മാതാവിന്റെ മരണത്തെ തുടർന്നാണ് മമ്മൂട്ടി യാത്രകൾ മാറ്റിവെച്ചതെന്നറിയുന്നു.
പക്ഷേ, മറ്റു സിനിമക്കാരിൽനിന്ന് അങ്ങനെയൊരു പ്രതികരണം പോലുമുണ്ടായില്ല. അതേസമയം, മാമുക്കോയയെ അവസാനമായി കാണാനും അന്ത്യയാത്രയിൽ പങ്കെടുക്കാനും ആയിരക്കണക്കിന് സാധാരണ മനുഷ്യരാണ് ഒഴുകിയെത്തിയത്.
വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളും കല്ലായിയിലെ മരത്തൊഴിലാളികളും കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളും നാടകപ്രവർത്തകരും അടങ്ങുന്ന സാധാരണക്കാർ പ്രിയനടനെ അവസാനമായി കാണാൻ ഒഴുകിക്കൊണ്ടേയിരുന്നു. അവരെ നിയന്ത്രിക്കാൻ പലപ്പോഴും പൊലീസിന് ഇടപെടേണ്ടിയും വന്നു.
സിനിമക്കാർ കാണിച്ചത് നീചപ്രവൃത്തി -വി.എം. വിനു
കോഴിക്കോട്: മാമുക്കോയക്ക് അന്ത്യോപചാരമർപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖർ എത്താതിരുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകൻ വി.എം. വിനു. ടൗൺഹാളിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. അന്ത്യോപചാരമർപ്പിക്കാൻ പ്രമുഖരാരും എത്താതിരുന്നത് മാമുക്കോയയോട് കാണിച്ച അനാദരവും നീചപ്രവൃത്തിയുമാണെന്ന് വിനു പറഞ്ഞു. എറണാകുളത്തു പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ സിനിമക്കാർ വരുമായിരുന്നുവെന്ന് വിനു പരിഹസിച്ചു. താരസംഘടന മാത്രമല്ല, മാമുക്കോയയെ ഉപയോഗിച്ച സംവിധായകരിൽ സത്യൻ അന്തിക്കാടൊഴികെ മറ്റാരും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് വിനു പറഞ്ഞു. സിനിമക്കാരുടെ അവഗണനക്കെതിരെ നിർമാതാവ് ലിബർട്ടി ബഷീറും രൂക്ഷമായി പ്രതികരിച്ചു.
സംഗീതസംവിധായകൻ രാഘവൻ മാസ്റ്റർ മരിച്ചപ്പോഴും സിനിമക്കാർ തിരിഞ്ഞുനോക്കിയില്ല. അന്ന് തലശ്ശേരിയിൽ രാഘവൻ മാസ്റ്റർക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് മാമുക്കോയ മാത്രമായിരുന്നു. സമീപപ്രദേശങ്ങളിൽ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നിട്ടും മാമുക്കോയയെ കാണാൻ ആരും എത്തിയില്ല. അതേസമയം, വയനാട്ടിൽനിന്ന് ബസ് വിളിച്ചു വന്ന സാധാരണക്കാരായ മനുഷ്യർ മാമുക്കോയയെ ഓർത്ത് പൊട്ടിക്കരയുന്ന കാഴ്ചയുണ്ടായിരുന്നുവെന്നും ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.