ഭ്രമിപ്പിക്കുന്ന ഫ്രെയിമുകൾ, പെരുമ്പറകൊട്ടുന്ന പശ്ചാത്തല സംഗീതം, വാലിബൻ ഒരു എൽ.ജെ.പി ചിത്രം; മഞ്ജു വാര്യരുടെ റിവ്യൂ
text_fieldsഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം. വലിയ ഹൈപ്പില്ലാതെ പ്രദർശനത്തിനെത്തിയ ചിത്രം ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റി. നൻപകൽ നേരത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വ്യത്യസ്തതലത്തിലൂടെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു പ്രധാനവേഷത്തിലെത്തിയത്. മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് ചിത്രം നൽകിയെങ്കിലും പ്രേക്ഷക പ്രതീക്ഷക്കൊപ്പം ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ല. വാലിബൻ ഒരു ലിജോ ചിത്രമെന്ന് നിസംശയം പറയാം എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചെത്തിയ മോഹൻലാൽ ചിത്രമായിരുന്നില്ല വാലിബൻ.
ചിത്രത്തിനെതിരെ സമ്മിശ്ര പ്രതികരണം ഉയരുമ്പോൾ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നടി മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. നർമവും ഫാന്റസിയും സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള കാര്യങ്ങളാണെന്നും അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യമെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. വാലിബൻ ഒരു എൽ.ജെ.പി സിനിമയാണെന്നും താരം കൂട്ടിച്ചേർത്തു.
'സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്.
അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്- എന്നാണ് മഞ്ജു വാര്യർ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് പറഞ്ഞത്.
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലായി ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലെത്തിയത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മധു നീലകണ്ഠന്‍ ആണ് കാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.