‘അനിവാര്യമായ വിശദീകരണം’; ഡബ്ല്യു.സി.സിയുടെ പോസ്റ്റ് പങ്കുവെച്ച് മഞ്ജു വാര്യർ
text_fieldsകോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടി മഞ്ജു വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി ഡബ്ല്യു.സി.സി. ഈ വിഷയത്തിൽ മഞ്ജു വാര്യർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിമൻ ഇൻ സിനിമ കലക്ടീവിന്‍റെ (ഡബ്ല്യു.സി.സി) ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
‘‘മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ ഡബ്ല്യു.സി.സി മുൻ സ്ഥാപക അംഗത്തിന്‍റേത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’’ -എന്ന് ഡബ്ല്യു.സി.സിയുടെ കുറിപ്പിൽ പറയുന്നു.
പിന്നാലെ, ഈ പോസ്റ്റ് ഷെയർ ചെയ്ത് മഞ്ജു വാര്യർ രംഗത്തുവന്നു. വളരെ അനിവാര്യമായ വിശദീകരണമെന്നാണ് ഡബ്ല്യു.സി.സിയുടെ പോസ്റ്റ് പങ്കിട്ട് നടി കുറിച്ചിരിക്കുന്നത്.
നിയമ സാധ്യത പരിശോധിച്ച് നിലപാടെന്ന് വനിത കമീഷൻ
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി വനിത കമീഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ഹൈകോടതി കമീഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. നോട്ടീസ് ലഭിച്ചിട്ടില്ല. ഹൈകോടതി പറഞ്ഞ പ്രകാരം കഴിയുന്നതെല്ലാം ചെയ്യുമെന്നും സതീദേവി വ്യക്തമാക്കി. സിനിമ മേഖല ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമീഷൻ പൂർണമായി പിന്തുണക്കും. സിനിമ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ, നിലവിലെ നിയമവ്യവസ്ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. ഏതു തൊഴിൽ മേഖലയിലും സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണ് നിലപാടെന്നും സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.