വിജയ്‌യുടെയും പവൻ കല്യാണിന്‍റെയും ഗുരു; നടനും കരാട്ടെ മാസ്റ്ററുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത കരാട്ടെ, അമ്പെയ്ത്ത് മാസ്റ്ററും, തമിഴ് നടനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹുസൈനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് കുടുംബം മരണ വിവരം അറിയിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി വരെ മൃതദേഹം ബസന്ത് നഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ സൂക്ഷിക്കുമെന്നും അതിനുശേഷം മധുരയിലേക്ക് കൊണ്ടുപോകുമെന്നും കുടുംബം അറിയിച്ചു. മൃതദേഹം കാണാൻ എത്തുന്ന ശിഷ്യരോട് കരാട്ടെ മുറകൾ കാണിച്ചും അമ്പെയ്തും അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കാൻസറുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ തുറന്നു പറഞ്ഞതോടെ ഹുസൈനിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അടുത്ത കാലത്തായി വളരെയധികം ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന്റെ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കരാട്ടെ, അമ്പെയ്ത്ത് എന്നിവയിലെ വൈദഗ്ധ്യത്തിനപ്പുറം, ഹുസൈനി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ചലച്ചിത്രകാരൻ കെ. ബാലചന്ദറിന്റെ പുന്നഗൈ മന്നൻ (1986) എന്ന ചിത്രത്തിലൂടെയാണ് ഹുസൈനി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് രജനീകാന്തിന്റെ വേലൈക്കാരൻ (1987), ബ്ലഡ്‌സ്റ്റോൺ (1988), ബദ്രി (2001) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.