'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു'; പുനീതിനുള്ള അനുശോചനത്തിൽ ചിരഞ്ജീവി സർജയെ ഒാർത്ത് മേഘ്ന രാജ്
text_fieldsകന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പുനീതിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താരത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. വെള്ളിയാഴ്ച രാത്രി മുതൽ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർകൗട്ട് ചെയ്യുകയായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
നാൽപ്പത്തിയാറാം വയസ്സിലാണ് പുനീതിന്റെ മരണം. പുനീത് രാജ്‍കുമാറിന്റെ മരണംപോലെ ആകസ്മികമായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടേതും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം. ചിരഞ്ജീവിയുടെ ജീവിതപങ്കാളിയായിരുന്ന അഭിനേത്രി മേഘ്ന രാജ് പുനീതിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്. ചിരഞ്ജീവിയുടെ മരണത്തെക്കുറിച്ച് കൂടി ഓർത്തുകൊണ്ടാണ് മേഘ്നയുടെ അനുശോചന സന്ദേശം.
ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. 'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്' എന്ന കുറിപ്പോട് കൂടിയാണ് മേഘ്ന ചിത്രം പങ്കുവച്ചത്.
ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ 'ബെറ്റെഡ ഹൂവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസഎകാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. 'യുവരത്ന' എന്ന ചിത്രമാണ് ഒടുവിൽ റിലീസായത്. പുനീതിന്റെ സംസ്കാരം അമേരിക്കയിലുള്ള മകളെത്തിയ ശേഷം നാളെ നടക്കും. അച്ഛന്‍ രാജ്‍കുമാറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക.
നേരത്തെ ശനിയാഴ്ച സംസ്കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നത്. എന്നാൽ പുനീതിന്‍റെ മകൾ യു.എസിൽ നിന്ന് എത്താൻ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാര ചടങ്ങുകൾ. പുനീതിൻ്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തിൽ വലുപ്പ ചെറുപ്പമില്ലാതെ ആളുകളുടെ പ്രവാഹമാണ്. ഇന്നും താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.