മുടക്കിയ പണം കൊണ്ട് മാത്രമല്ല, എമ്പുരാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം; വെളിപ്പെടുത്തി മോഹൻലാൽ
text_fieldsഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും എമ്പുരാനെന്ന് നടൻ മോഹൻലാൽ. മന്ത്രി സജി ചെറിയാനുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം പുറത്തിറങ്ങാനുള്ള തന്റെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് എമ്പുരാന്റെ മുതൽ മുടക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. ചിത്രത്തിന് ചെലവേറാനുള്ള കാരണവും മോഹൻലാൽ വ്യക്തമാക്കി.
'ഇനി മൂന്ന് ചിത്രങ്ങളാണ് മലയാളത്തിൽ എത്താനുള്ളത്. ഒന്ന് തുടരും എന്ന ചിത്രമാണ്. മറ്റൊന്ന് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ ആണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്രമാണ്. സാമ്പത്തികം കൊണ്ട് പറയുന്നതല്ല, കുറെ സ്ഥലങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചത്. ദുബൈ, യു.കെ, അമേരിക്ക, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ അന്യഭാഷ താരങ്ങളും സിനിമയുടെ ഭാഗമാണ്. കാരണം ഇത് പുറംരാജ്യങ്ങളിൽ നടക്കുന്ന കഥയാണ്.
ലൂസിഫര്‍ കേരളത്തില്‍ നടക്കുന്ന കഥ ആണെങ്കിലും ഖുറേഷി അബ്രാം ആരാണെന്ന് കാണിക്കുന്ന കഥയാണ് എമ്പുരാന്റേത്. പൃഥ്വിരാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആശിർവാദ് ആണ് സിനിമയുടെ നിർമാണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് എമ്പുരാൻ. മുടക്കിയ പണം കൊണ്ട് മാത്രമല്ല, ഉള്ളടക്കം കൊണ്ടും ചിത്രം വളരെ വലുതാണ്. എമ്പുരാൻ കഴിഞ്ഞാൽ സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രം വരുന്നുണ്ട്. പിന്നെ രണ്ട് തെലുങ്ക് ചിത്രങ്ങളും വരാനുണ്ട് '- മോഹൻലാൽ പറഞ്ഞു.
എമ്പുരാൻ മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവരും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.