അമ്മയുടെ പ്രിയ സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ; ലാലു മോനെ കണ്ട സന്തോഷത്തിൽ സീതാലക്ഷ്മിയും
text_fieldsപഴയ അയൽപക്കക്കാരേയും കുടുംബ സുഹൃത്തുക്കളേയും സന്ദർശിച്ച് നടൻ മോഹൻലാൽ. അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെ തങ്ങളുടെ അയൽക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാനാണ് നടൻ എത്തിയത്. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു നടൻ സൗഹൃദ സന്ദർശനങ്ങൾ നടത്തിയത്.
സാഹിത്യകാരൻ പി.കേശവദേവിന്റെ പത്നിയായ സീതാലക്ഷ്മി ഇപ്പോൾ മകൻ ഡോ. ജ്യോതിദേവുമൊത്താണ് താമസം. അമ്മയുടെ പഴയ കൂട്ടുകാരിയെ കണ്ട മോഹൻലാൽ, ഏറെ നേരം അവരുമായി സംസാരിച്ചെന്നും കുട്ടിക്കാല ഓർമ്മകളിൽ വികാരാധീനനായി എന്നും ഡോ. ജ്യോതിദേവ് പറയുന്നു.
‘അന്ന്, ഏതാണ്ട് 60 വർഷം മുൻപ്, മുടവൻമുകളിലെ ഞങ്ങളുടെ വീടിരിക്കുന്ന പ്രദേശം വനമേഖലയായിരുന്നു. ടാറിട്ട റോഡുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല, വല്ലപ്പോഴും ഒരു വണ്ടി വന്നാലായി. ആ പ്രദേശത്ത് വീടുകളും ചുരുക്കമായിരുന്നു. പ്രത്യേകിച്ച് പേരൊന്നുമില്ലായിരുന്നു ആ ഏരിയയ്ക്ക്. 1983ൽ അച്ഛൻ മരിച്ച ആ വർഷമാണ്, വീടിനു മുന്നിലെ റോഡ് കേശവദേവ് റോഡ് എന്നാക്കുന്നത്.
അച്ഛനാണ് മുടവൻമുകളിൽ ആദ്യം വീടു വയ്ക്കുന്നത്. ഏതാണ്ട് ഒരു വർഷം ആയപ്പോഴാണ് വിശ്വനാഥൻ അങ്കിളും (മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ) ശാന്താന്റിയും (അമ്മ ശാന്തകുമാരി) മുടവൻമുകളിലേക്ക് എത്തുന്നതും പുതിയ വീടു വയ്ക്കുന്നതും. അന്ന് ആ പ്രദേശത്ത് ഞങ്ങളുടെ രണ്ടു വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും അമ്മയും ശാന്താന്റിയും തമ്മിൽ വലിയ കൂട്ടായി. ഇരുവീടുകളിലെയും കുട്ടികളെ സംബന്ധിച്ചും രണ്ടു വീടും ഒരു പോലെയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓടികളിച്ചാണ് ഞങ്ങൾ വളർന്നതെന്നു പറയാം.
ഒരു വർഷമായി അമ്മയുടെ അസുഖവും ചികിത്സയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു റൂമിൽ തന്നെയാണ് അമ്മ താമസം. മുടവൻമുകളിലെ വീട് വിട്ട് തൽക്കാലം ഞങ്ങളും ഇവിടെയാണ് താമസം. ലാലു ചേട്ടൻ തിരുവനന്തപുരത്തു വരുമ്പോഴൊക്കെ എന്റെയമ്മയെ വന്നു കാണും. ഇതിപ്പോൾ ഒരു ഇടവേളയ്ക്കു ശേഷമാണ് ലാലു ചേട്ടൻ തിരുവനന്തപുരത്തു വരുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ് ഇവിടെ നടക്കുന്നുണ്ട്. അതിനിടയിൽ നിന്നും അമ്മയെ കാണാനായി സമയം കണ്ടെത്തി ഓടി വന്നതായിരുന്നു.
അമ്മയ്ക്ക് പല കാര്യങ്ങളും ഓർമ ഇല്ലെങ്കിലും ഇന്ന് ലാലു ചേട്ടനെ കണ്ടയുടനെ കിടക്കയിൽ നിന്നും ചാടിയെണീറ്റു. സാധാരണ രീതിയിൽ അങ്ങനെ എഴുന്നേൽക്കാനൊന്നും പറ്റാത്ത ആളാണ്, ലാലു മോനെ കണ്ട സന്തോഷം അമ്മയുടെ ശരീരഭാഷയിലുണ്ടായിരുന്നു. എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു. ഒരു മണിക്കൂറോളം അമ്മയോട് കഥയൊക്കെ പറഞ്ഞിരുന്നാണ് ചേട്ടൻ പോയത്. പോവാൻ നേരം ലാലു ചേട്ടന്റെ കൈ പിടിച്ച് അമ്മ പറയുന്നുണ്ടായിരുന്നു, “ഇനി വരുമ്പോൾ ശാന്തയേയും കൊണ്ടു വരണം,” എന്നൊക്കെ’ -ഡോ.ജ്യോതിദേവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.