ക്ഷണിച്ചിട്ടും മോഹൻലാൽ രാമക്ഷേത്ര ചടങ്ങിന് പോയില്ല; നാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി
text_fieldsകൊച്ചി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ്നിർമിച്ച രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും നടൻ മോഹൻലാൽ പോയില്ല. പകരം നാട്ടിലെ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തി.
അയോധ്യയിലെ ചടങ്ങിലേക്ക് കേരളത്തിൽനിന്ന് ക്ഷണിക്കപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ, പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനു പകരം എറണാകുളം ചിറ്റൂർ റോഡിലെ അയ്യപ്പൻകാവ് ക്ഷേത്രത്തിലാണ് താരം ദർശനം നടത്തിയത്. പുലർച്ച 5.20ഓടെയായിരുന്നു നിർമാല്യദർശനം. ആർ.എസ്.എസ് പ്രവർത്തകർ മോഹൻലാലിന് അയോധ്യയിൽ പൂജിച്ച അക്ഷതം വീട്ടിലെത്തി സമ്മാനിച്ചിരുന്നു.
അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രമുഖർ അതിഥികളായെത്തി. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നടന്മാരായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രീന കൈഫ്, അരുൺ ഗോവിൽ, മുൻ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകർ, വ്യവസായി അനിൽ അംബാനി തുടങ്ങിയവർ ചടങ്ങിനെത്തി.
അഭിനേതാക്കളായ അനുപം ഖേർ, മനോജ് ജോഷി, ഗായകരായ കൈലാഷ് ഖേർ, ജുബിൻ നൗതിയാൽ, ഗാനരചയിതാവ് പ്രസൂൺ ജോഷി, ഹേമമാലിനി, കങ്കണ റണാവത്ത്, ശ്രീ ശ്രീ രവിശങ്കർ, മൊരാരി ബാപ്പു, രജനികാന്ത്, പവൻ കല്യാൺ, മധുർ ഭണ്ഡാർക്കർ, സുഭാഷ് ഘായി, ഷെഫാലി ഷാ, സോനു നിഗം എന്നിവർ എന്നിവർ നേരത്തേ വന്നവരിൽ ഉൾപ്പെടുന്നു. അതേസമയം, ക്ഷണിച്ചിരുന്നെങ്കിലും മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ പങ്കെടുത്തില്ല. അതിശൈത്യം കാരണം അദ്വാനി യാത്ര ഒഴിവാക്കിയെന്നാണ് വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം ഇരുവരും ചടങ്ങിനെത്താൻ സാധ്യതയില്ലെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ നേരത്തേ അറിയിച്ചിരുന്നു.
ചടങ്ങിലേക്ക് ഏഴായിരത്തിലധികം പേരെയാണ് ക്ഷണിച്ചിരുന്നത്. അയോധ്യയെക്കുറിച്ച പുസ്തകം, തുളസിമാല, ശ്രീരാമന്റെ പേരിലുള്ള തൂവാല, രാം ലല്ലയുടെ ചെറുരൂപം എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ അതിഥികൾക്ക് സമ്മാനിച്ചു. പുതിയ ക്ഷേത്രത്തിന്റെ ഗ്രാഫിക് ചിത്രമുള്ള ബാഗിലാണ് ഇവ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.