'അഴിമതി വേണമെങ്കിൽ കാണിച്ചോ; സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവർന്നെടുക്കരുതേ' -ബിജിബാൽ
text_fieldsപ്ലാസ്റ്റിക് ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംഗീത സംവിധായകൻ ബിജിബാല്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന ദുരിതങ്ങളെ കുറിച്ചും അതൊഴിവാക്കേണ്ട ആവശ്യകതയെ കുറിച്ചും ഫേസ്ബുക്കിൽ തുറന്നെഴുതിയത്.
പ്ലാസ്റ്റിക് ഒഴിവാക്കാനുളള ശ്രമം വർഷങ്ങൾക്ക് മുമ്പേ താൻ ആരംഭിച്ചെന്നും ബന്ധുക്കളുടെ കുട്ടികള്‍ അവരുടെ കളിക്കോപ്പുകള്‍ തരുന്നതൊഴിച്ചാല്‍ തന്റെ കുട്ടികൾപ്ലാസ്റ്റിക് കളിപ്പാട്ടം ഉപയോഗിച്ച് കളിച്ചിട്ടില്ലെന്നും ബിജിബാൽ പറയുന്നു. വീട്ടിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പ്രവേശനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ചുറ്റും ഒരു നഗരം കത്തുകയാണ്.ഡയോക്സിനും ബെന്സോപൈറീനും പോളി ആരോമാറ്റിക് ഹൈഡ്രോ കാർബണും വമിക്കുന്നു. അഴിമതി വേണമെങ്കിൽ കാണിച്ചോളു. സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവർന്നെടുക്കരുത്. ഒരു പ്രശ്നവുമില്ലെന്ന് അധികാരികൾ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതി മാത്രമാണെന്നും ബിജിബാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
'ഒരു പാഴ് യുദ്ധത്തിന്റെ.. ഇരുപതോളം വർഷങ്ങളായു കാണും. പ്ലാസ്റ്റിക് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭയാനകവിപത്തിനെ കുറിച്ച് ആകസ്‍മികമായി ഒരു പഠനം വായിക്കാനിട വന്നു. അന്ന് മുതൽ അനാവശ്യ പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്ന ശ്രമവും അതിന്റെ പേരിലുള്ള ആഭ്യന്തര കലഹവും തുടങ്ങി. അന്ന് വരെ നിർലോഭമായി ഉപയോഗിച്ച് പോന്ന പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാൻ ശ്രമിച്ചു. പച്ചക്കറികൾ വാങ്ങാൻ തുണിസഞ്ചികൾ, പല പാന്റുകളുടെയും കാലുകൾ സഞ്ചികളായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായ ഒഴുക്കിൽ അമ്മ കടയിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ നീണ്ട ക്ലാസ്സുകൾക്കൊടുവിലും വാക്വാദങ്ങളിലും കുറഞ്ഞു വന്നു. പ്ലാസ്റ്റിക് മണ്ണിൽ ചേരില്ലെന്നും കത്തിച്ചാൽ കാൻസറിന് കാരണമായ പലവിധ കെമിക്കലുകൾ പുറപ്പെടുവിക്കുമെന്നും ഒരു തലമുറ കാലക്രമേണ രോഗാതുരമാകുമെന്നും പഠിപ്പിച്ചു.'
തുണിക്കടയിൽ പോയാൽ പ്ലാസ്റ്റിക് ഉറയാണെങ്കിൽ അതൊഴിവാക്കി തുണികൾ അങ്ങനെ തന്നെ പൊക്കി കൊണ്ടുപോന്നു. ഇതുകണ്ട് കടയിലുള്ളവർ ചിരിക്കുന്നതും കണ്ടിട്ടുണ്ട്. അവൾ എന്നും കൂട്ട് നിന്നു. കുട്ടികൾ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ചിട്ടേയില്ല. ബന്ധുക്കളുടെ കുട്ടികൾ കളിപ്രായം കഴിയുമ്പോൾ അവരുടെ കളിക്കോപ്പുകൾ തരുന്നതൊഴിച്ചാൽ. ഉത്സവപ്പറമ്പിൽ കൗതുകമുള്ള കളിപ്പാട്ടങ്ങൾ ചൂണ്ടി 'അച്ഛാ ഇത് പ്ലാസ്റ്റിക് ആണോ' എന്ന് മൂന്നാം വയസ്സിലെ ദേവൻ ചോദിക്കുമായിരുന്നു. ദയകുട്ടി ആയപ്പോ ആ ചോദ്യം പോലും ഒഴിവാകുന്നത്ര സ്വാഭാവിക ജീവിതം ആയിക്കഴിഞ്ഞു. സ്റ്റുഡിയോയിലും ഏറ്റവും അടുപ്പമുള്ള ആളുകൾ പ്ലാസ്റ്റിക് കൊണ്ടുവരാൻ മടിക്കും. അടുത്തുള്ള കടയിലെ ഖാദറിക്ക ഇവിടുന്നു ആര് സാധനം മേടിച്ചാലും കവർ കൊടുക്കില്ല. 'ബിജിച്ചേട്ടൻ സമ്മതിക്കില്ല' എന്ന് പറയും.'
'അയൽവാസിയായ ബന്ധു പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ട് തടഞ്ഞ എനിക്ക് ഒരിക്കൽ അസഭ്യവും കേൾക്കേണ്ടി വന്നു. വലിയ യുദ്ധമൊന്നും ആയിരുന്നില്ല. ത്യാഗവും അല്ല. കാരണം ചുറ്റുമുള്ളതെല്ലാം പ്ലാസ്റ്റിക്. വർക്ക് ചെയ്യുന്ന കമ്പ്യൂട്ടർ, ഓടിക്കുന്ന ബൈക്ക്, കാർ, ഫോൺ, എല്ലാം. പക്ഷെ ഒഴിവാക്കാവുന്നവ. അത്രമാത്രം. ഉപയോഗിക്കുന്ന ടൈപ്പിംഗ് കീബോർഡിൽ ഇടയ്ക്കു വെള്ളം വീണ് '2' എന്ന കീ ചീത്തയായിട്ടു മൂന്ന് വര്‍ഷം. മാറ്റിയിട്ടില്ല. "@" ടൈപ്പ് ചെയ്യണമെങ്കിൽ മെയിൽ ഓപ്പൺ ചെയ്‍ചിട്ട് കോപ്പി പേസ്റ്റ് ചെയ്യും. ഇത് കണ്ട് സുഹൃത്തുക്കൾ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കളിയാക്കാറില്ല'.
'ഇ വേസ്റ്റ്' ഒരെണ്ണം ഒഴിവാക്കാമല്ലോ. ചെറിയൊരദ്ധ്വാനം മതിയല്ലോ. നോക്കുമ്പോ എനിക്ക് ചുറ്റും ഒരു നഗരം കത്തുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക്. ഡയോക്സിനും ബെന്സോപൈറീനും പോളി ആരോമാറ്റിക് ഹൈഡ്രോ കാർബണും വമിക്കുന്നു. ഒരു ജനത രോഗാതുരമാകുന്നു. എന്റെ പ്രിയ സുഹൃത്തടക്കം ശ്വാസംമുട്ടി ആശുപത്രിയിലാകുന്നു. സ്വപ്‍നം കാണുന്ന കുട്ടികൾ, ജനിച്ച, ജനിക്കാനിരിക്കുന്ന പിഞ്ചുപൈതങ്ങൾ. അഴിമതി വേണമെങ്കിൽ കാണിച്ചോളൂ. സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവർന്നെടുക്കരുതേ. അത് മൗലികമല്ലേ. ഒരു പ്രശ്നവുമില്ലെന്ന് അധികാരികൾ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. കോടതി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ടത് ചെയ്യാൻ മുൻകൈ എടുക്കുമെന്ന് നമുക്ക് സ്വപ്‍നം കാണാം. സ്വപ്‍നംങ്ങൾക്ക് ലിമിറ്റില്ലല്ലോല്ലേ- ബിജിബാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.