'എന്റെ കുടുംബം പൂർണ്ണമായി നശിച്ചു';വിവാഹത്തിന് ശേഷം ജയയുടെ പിതാവ് അമിതാഭ് ബച്ചന്റെ പിതാവിനോട് പറഞ്ഞു
text_fields1973 ജൂൺ മൂന്നിനായിരുന്നു താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് താരവിവാഹത്തിനുണ്ടായിരുന്നത്. അമിതാഭ് ബച്ചന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചൻ തന്റെ അത്മകഥയായ ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോഗ്രഫിയിൽ മകന്റെ വിവാഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അമിതാഭുമായുള്ള വിവാഹത്തിന് ജയയുടെ മാതാപിതാക്കൾക്ക് താൽപര്യമില്ലായിരുന്നുവെന്നും വിവാഹവേളയിൽ കുടുംബാംഗങ്ങളുടെ മുഖത്ത് അതൃപ്തിപ്രകടമായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഹരിവംശ് റായ് ബച്ചന്റെ വാക്കുകൾആരാധകുടെ ഇടയിൽ വീണ്ടും ചർച്ചയാവുകയാണ്.
'കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അമിതാഭിന്റേയും ജയയുടേയും വിവാഹത്തിന് പങ്കെടുത്തത്. വിരലിലെണ്ണാവുന്ന അതിഥികൾ മാത്രമേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഭാഗത്ത് നിന്ന് അഞ്ച് അതിഥികളായിരുന്നു. അതിൽ പ്രധാനി സഞ്ജയ് ഗാന്ധിയായിരുന്നു. രണ്ട് എഴുത്തകാരും ഒരു രാഷ്ട്രീയ നേതാവും വിവാഹത്തിന് പങ്കെടുത്തു.മലബാർ ഹിൽസിലെ സ്കൈലാർക്ക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു വിവാഹം നടന്നത്. അമിതാഭിന്റേയോ ജയയുടേയോ സുഹൃത്താണ് സ്ഥലം തരപ്പെടുത്തിയത്. എന്നാൽ തുടക്കം മുതലെ ഞാനൊരു കാര്യം ശ്രദ്ധിച്ചു,ജയയുടെ വീട്ടുകാരുടെ മുഖത്ത് സന്തോഷമില്ലായിരുന്നു.
ബംഗാളി രീതിയിൽ വിവാഹം നടത്തണമെന്നായിരുന്നു ജയയുടെ കുടുംബത്തിന്റെ ആഗ്രഹം. ഞങ്ങൾക്ക് എതിർപ്പില്ലായിരുന്നു. വിവാഹത്തിന് മുന്നോടിയായി വരനെ സ്വീകരിക്കുന്ന ഒരു ചടങ്ങുണ്ട്. വധുവിന്റെ മാതാപിതാക്കൾ സമ്മാനവുമായി വരന്റെ വീട്ടിൽ വരണം. തിരിച്ച് ഉപഹാരങ്ങളുമായി വരന്റെ കുടുംബാംഗങ്ങൾ വധുവിന്റെ വീട്ടിലും പോണം. ഞങ്ങൾ ചടങ്ങിനായി ജയയുടെ വീട്ടിലെത്തിയപ്പോൾ ജയക്ക് ഒഴികെ മറ്റാരുടേയും മുഖത്ത് സന്തോഷമില്ലായിരുന്നു.
അമിതാഭിന്റെ വിവാഹം ഞങ്ങൾ അയൽക്കാരേയും അറിയിച്ചില്ല.വീട്ടിലെ അലങ്കാരപ്പണികളെക്കുറിച്ച് അന്വേഷിച്ചവരോട് രാത്രി വീട്ടിൽ ഷൂട്ടിങ്ങുണ്ടെന്ന് കള്ളം പറഞ്ഞു. വിവാഹത്തിന് വളരെ സന്തോഷത്തോടെയും നാണത്തോടെയുമാണ് ജയ മണ്ഡപത്തിലെത്തിയത്. അത് അഭിനയമായിരുന്നില്ല. വിവാഹചടങ്ങുകൾ അവസാനിച്ച് വീട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, അമിതാഭിനെ പോലൊരു മരുമകനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമെന്ന് പറയാൻ ജയയുടെ പിതാവിനെ സമീപിച്ചു. അദ്ദേഹം തങ്ങളുടെ കുടുംബം പൂർണ്ണമായി നശിച്ചുവെന്നാണ് എന്നോട് പറഞ്ഞത്' -ഹരിവംശ് റായ് ബച്ചൻ പുസ്തകത്തിൽ എഴുതി.
ബോളിവുഡിലെ മാതൃകദമ്പതികളാണ് അമിതാഭ് ബച്ചനും ജയയും. വിവാഹശേഷം ജയ ബച്ചൻ സിനിമയിൽ നിന്ന് ഇടവേള എടുത്തു.ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നടി ഐശ്വര്യ റായി ആണ് മരുമകളൾ.നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. ഇവർക്ക് അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആരാധ്യയാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.