റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു
text_fieldsമുംബൈ: നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു. റിയക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് മിശ്ര നൽകിയ വിവരങ്ങൾ ഉൾപ്പെട്ട കത്തിന്‍റെ അടിസ്ഥാനത്തിലാണ് റിയക്കെതിരെ കേസ് എടുത്തത്. ചില രേഖകളുടേയും റിയയുടെ വാട്സ് ആപ് ചാറ്റുകളുടേയും അടിസ്ഥാനത്തിലാണ് ഇ.ഡി നാർക്കോട്ടിക്സ് സെല്ലിന് കത്തെഴുതിയത്.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. നാര്‍കോട്ടിക് ഡ്രഗ്‍സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് വിവരം.അമിതമായി മരുന്നുകള്‍ നല്‍കിയതാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതുവഴി പണം തട്ടിയെടുക്കാന്‍ റിയ ശ്രമിച്ചെന്നും സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു.
ബാന്ദ്രയിൽ സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർത്ഥിനെയും പാചകക്കാരൻ നീരജ് സിങിനെയും മൂന്ന് ദിവസം തുടർച്ചയായി സി.ബി.ഐ ചോദ്യം ചെയ്‍തിരുന്നു. സിദ്ധാര്‍ഥ് പിത്തണി വീട്ടിലെ ഹാര്‍ഡ് ഡിസ്ക്കുകള്‍ റിയ നശിപ്പിച്ചെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
റിയയെ ചോദ്യം ചെയ്ത ഇ.ഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സി.ബി.ഐക്കും എൻ.സി.ബിക്കും കൈമാറിയിരുന്നു. വാട്സ് ചാറ്റുകളിൽ ഇതേക്കുറിച്ച് പരാമർശമുണ്ടെന്നാണ് സൂചന.
അതേസമയം, ആരോപണം നിഷേധിച്ച് റിയ ചക്രവർത്തിയുടെ അഭിഭാഷകൻ രംഗത്തെത്തി. റിയ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും രക്തപരിശോധനക്ക് എത് സമയവും തയാറെന്നും അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.