പിതാവിനെ പോലെ ആകരുതെന്ന് തീരുമാനിച്ചു, എന്റെ കുട്ടികളോട് അതേ തെറ്റുകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല -നസീറുദ്ദീൻ ഷാ
text_fieldsപിതാവിന്റെ പിന്തുണയില്ലാതെയാണ് സിനിമയിലെത്തിയതെന്ന് നടൻ നസീറുദ്ദീൻ ഷാ. തന്റെ ഭാവിയെ കുറിച്ച് അച്ഛന് ഭയമുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം തന്റെ താൽപര്യങ്ങൾ അംഗീകരിച്ചിരുന്നില്ലെന്നും ഹ്യൂമൻസ് ഓഫ് ബോംബൈക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്നോട് അച്ഛൻ ചെയ്ത തെറ്റ് തന്റെ മക്കളോട് ആവർത്തിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
അച്ഛനുമായുള്ള കൂടിക്കാഴ്ച വളരെ കുറവായിരുന്നു. പഠിക്കാൻ മോശമായിരുന്നത് കൊണ്ട് അദ്ദേഹത്തിന് എന്നോട് അത്ര താൽപര്യമുണ്ടായിരുന്നില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പകുതിയും ഞങ്ങളുടെ വിദ്യാഭ്യാസത്തിനാണ് ചെലവഴിച്ചത്. മികച്ച വിദ്യാഭ്യാസത്തിനായി എന്നേയും സഹോദരങ്ങളേയും നൈനിറ്റാളിലെ വലിയൊരു സ്കൂളിൽ ചേർത്തു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അത് ശരിയായിരുന്നു.
ക്രിക്കറ്റ്, സിനിമ, കല എന്നിവയോടായിരുന്നു എനിക്ക് താൽപര്യം. എന്നാൽ അദ്ദേഹത്തിനൊരിക്കലും എന്റെ ഇഷ്ടങ്ങൾ മനസിലായില്ല. ഞാൻ ക്രിക്കറ്റുമായി മുന്നോട്ട് പോകുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ എനിക്കൊരു ക്രിക്കറ്റുകാരനാവാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു -നടൻ പറഞ്ഞു.
തന്റെ മൂത്ത സഹോദരൻ എഞ്ചിനിയറായിരുന്നു. മറ്റൊരു സഹോദരൻ ആർമി ഓഫീസറും. അതിനാൽ അച്ഛന് എന്നെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഞാനത് ചെവിക്കൊണ്ടില്ല. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിപരീതമായി സഞ്ചരിച്ചു.
എന്നെ മനസിലാക്കാൻ അച്ഛനും കഴിഞ്ഞില്ല. ഞാൻ ചെയ്ത കാര്യങ്ങളൊന്നും അംഗീകരിച്ചില്ല, എന്റെ വാക്കുകളെ അദ്ദേഹം നിരസിക്കുകയും ചെയ്തു. എന്റെ കുട്ടികളുമായി ഇടപഴകുമ്പോൾ ഞാൻ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടാതെ തെറ്റ് ആവർത്തിക്കാതെയിരിക്കാൻ നോക്കാറുണ്ട്. ആദ്യ സിനിമയിൽ നിന്ന് ലഭിച്ച ശമ്പളത്തിൽ നിന്ന് ഒരു വിഹിതം അച്ഛന് കൊടുത്തിരുന്നു. അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് അദ്ദേഹം മരിക്കുന്നത്.
എന്റെ പിതാവ് എന്നോട് ചെയ്ത തെറ്റ് ഞാനെന്റെ മക്കളോട് ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. എന്റെ മക്കളുടെ നല്ലൊരു പിതാവാകാൻ ഞാൻ ശ്രമിച്ചു . അവരോട് നല്ല സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിച്ചു. അവരുടെ സൗഹൃദം ഒരുപാട് ആസ്വദിക്കുന്നു. തിരിച്ചും അങ്ങനെയാണ്. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങളോടൊപ്പം മക്കൾ എത്താറുണ്ട്- നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.