'കുറച്ചെങ്കിലും നാണമുണ്ടോ?'; മാലദ്വീപിൽ അവധിയാഘോഷിക്കുന്ന സെലിബ്രിറ്റികൾക്കെതിരെ പൊട്ടിത്തെറിച്ച് നവാസുദ്ദീൻ സിദ്ദിഖി
text_fieldsമുംബൈ: കോവിഡിന്‍റെ രണ്ടാം വരവിനെ പേടിച്ച് സാധരണക്കാർ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുേമ്പാൾ ചില സെലിബ്രിറ്റികൾ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. സമൂഹ മാധ്യമങ്ങൾ തുറന്നാൽ അവധി ആഘോഷിക്കുന്ന ഈ സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ്. വിനോദകേന്ദ്രമായ മാലദ്വീപിലേക്കാണ് ഇവരിൽ ഏറെ പേരും പോയിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് നടീനടൻമാരുടെ അവധി ആഘോഷത്തെ വിമർശിച്ച് ശോഭ ഡേ അടക്കമുള്ള പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ താരങ്ങളുടെ പ്രവർത്തിയിൽ കടുത്ത അതൃപ്തി രേഖെപടുത്തിയിരിക്കുകയാണ് ബോളിവുഡ് നടനായ നവാസുദ്ദീൻ സിദ്ദീഖി.
ബോളിവുഡ് ഹംഗാമക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുന്ന താരങ്ങൾക്കെതിരെ സിദ്ദീഖി പൊട്ടിത്തെറിച്ചത്.
'ലോകം ഏറ്റവും വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ പക്കൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത വേളയിൽ നിങ്ങൾ അത് നശിപ്പിക്കുന്നു. കുറച്ചെങ്കിലും നാണമില്ലേ. അവധി ആഘോഷിക്കുന്നത് തെറ്റല്ല എന്നാൽ അതിങ്ങനെ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നതോ?' -സിദ്ദീഖി ചോദിച്ചു.
കാമ്പുള്ള ഒന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഇവർ അത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'അവർ മറ്റെന്തിനെ കുറിച്ചാണ് സംസാരിക്കുക? അഭിനയത്തെ കുറിച്ചോ? രണ്ട് നിമിഷം കൊണ്ടവർ ഓടും. ഇവർ മാലദ്വീപിൽ പോയി ആർമാദിക്കുകയാണ്. വിനോദസഞ്ചാര മേഖലയുമായി ഇവരുടെ ഏർപ്പാട് എന്താണെന്നറിയില്ല. എന്നാൽ മനുഷ്യത്വത്തിന്‍റെ പേരിൽ ഈ അവധിക്കാലങ്ങൾ നിങ്ങൾക്കിടയിൽ തന്നെ സൂക്ഷിക്കുക. എല്ലായിടത്തും കഷ്ടപ്പാടുകളാണ്. കോവിഡ് കേസുകൾ വർധിക്കുകയാണ്. ഹൃദയം വേണം. ദുരിതമനുഭവിക്കുന്നവരെ നിന്ദിക്കരുത് '- സിദ്ദീഖി പൊട്ടിത്തെറിച്ചു.
കോവിഡ് കാലത്ത് എവിടേക്കും പോകുന്നില്ലെന്നും ജന്മനാടായ ബുധാനയാണ് തന്‍റെ മാലദ്വീപ് എന്ന് അദ്ദേഹം പ്രതികരിച്ചു.
മഹാരാഷ്ട്ര കോവിഡിലമർന്ന് കർശന നിയന്ത്രണങ്ങളിൽ വലയുേമ്പാൾ രൺബീർ കപൂർ, ആലിയ ഭട്ട്, സാറാ അലി ഖാൻ, അമൃത സിങ്, ടൈഗർ ഷ്റോഫ്, ദിഷ പടാനി തുടങ്ങിയ ഒേട്ടറെ പ്രമുഖർ വിലക്കുകളിൽനിന്ന് രക്ഷപ്പെട്ട് മാലദ്വീപിൽ ഉല്ലാസത്തിലാണ്. ഇവർ അവധിയാഘോഷത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ഏെറ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്. ഇതിൽ ജാൻവി കപൂർ, ശ്രദ്ധ കപൂർ, ദിഷ പഠാനി എന്നിവർ മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ ആളുകൾ തങ്ങളുടെ രൂക്ഷമായ എതിർപ്പ് കമന്‍റ് ചെയ്യുന്നുമുണ്ട്.
നാട് ദുരന്തത്തിലമരുേമ്പാൾ സിനിമാ താരങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചേക്കേറി അവധിയാഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെ വിമർശിച്ച് സെലബ്രിറ്റി മാനേജർ രോഹിണി അയ്യർ ഇൻസ്റ്റാഗ്രാമിലെഴുതിയ കുറിപ്പ് പങ്കുവെച്ചാണ് ശോഭാ ഡേ താരങ്ങളുടെ മനോഭാവത്തെ തുറന്നെതിർത്തത്. ആഭാസത്തിന്‍റെ അങ്ങേയറ്റമാണിതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'രോഹിണി അയ്യർ ഹൃദയാഹാരിയായി എഴുതിയ ഈ കുറിപ്പ് ഏറെ ഇഷ്ടപ്പെട്ടു. അതിവിെട പങ്കുവെക്കുകയാണ്. ഈ സന്ദേശം എല്ലായിടവുമെത്തണമെന്നാണ് ആഗ്രഹം. കാര്യങ്ങൾ രോഹിണി നന്നായി പറഞ്ഞു. ഇത്തരം പരിഹാസകരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ആഭാസത്തിന്‍റെ അങ്ങേയറ്റമാണ്. നിങ്ങൾ മാലദ്വീപിൽ ആഘോഷം കൊഴുപ്പിച്ചോളൂ. പ്രതീക്ഷയറ്റ ഇൗ കെട്ട കാലത്ത് ഇത്തരം അവധിയെടുക്കാൻ പറ്റുന്ന നിങ്ങൾ അനുഗൃഹീതരാണ്. പക്ഷേ, മറ്റുള്ളവർക്ക് നിങ്ങളൊരു ഉപകാരം ചെയ്യണം....ദയവായി ആ ചിത്രങ്ങളൊക്കെ സ്വകാര്യമായി സൂക്ഷിക്കൂ' -ശോഭാ ഡേ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.