ബോളിവുഡ് ലഹരികേസ്; അർജുൻ രാംപാലിന്‍റെ കാമുകിയുടെ സഹോദരൻ മൂന്നാമതും പിടിയിൽ
text_fieldsമുംബൈ: ബോളിവുഡ് താരം അർജുൻ രാംപാലിന്‍റെ കാമുകിയുടെ സഹോദരൻ മയക്കുമരുന്ന് കൈവശം വെച്ചതിന് വീണ്ടും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഗോവയിൽനിന്നാണ് ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസ് ദിമിത്രിയാദെസിനെ എൻ.സി.ബി പിടികൂടുന്നത്. നേരത്തേ രണ്ടുതവണ ദക്ഷിണാഫ്രിക്കകാരനായ അഗിസിലാവോസിനെ എൻ.സി.ബി പിടികൂടിയിരുന്നു.
'ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈ എൻ.സി.പിയും ഗോവ സബ്സോണും നടത്തിയ പരിശോധനയിൽ അഗിസിലാവോസിന്‍റെ വീട്ടിൽനിന്ന് ഹാഷിഷ് പിടികൂടുകയായിരുന്നു. അഗിസിലാവോസ് ഒരു ദക്ഷിണാഫ്രിക്കക്കാരനാണ്. വടക്കൻ ഗോവയിലെ പെൻനെമിൽ വാടകക്കെടുത്ത വില്ലയിലാണ് ഇയാളുടെ താമസം' -എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
അറസ്റ്റിലായ അഗിസിലാവോസിനെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസിൽ അഗിസിലാവോസ് നേരത്തേ അറസ്റ്റിലായിരുന്നു. ലഹരിക്കടത്തിന്‍റെ അന്താരാഷ്ട്ര മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നായിരുന്നു നിഗമനം. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും ഡിസംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി പിടികൂടുകയായിരുന്നു.
നേരത്തേ, അഗിസിലാവോസിനെ പിടികൂടിയ ശേഷം അർജുൻ രാംപാലിനെയും എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. രണ്ടോളം തവണ അർജുൻ എൻ.സി.ബിക്ക് മുമ്പിൽ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.