പുതിയ സിനിമ തിയറ്ററിലെത്തി കാണണമെന്ന് മഞ്ജു; ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി നെറ്റിസൺസ്
text_fieldsതന്‍റെ പുതിയ സിനിമയുടെ പ്രമോഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മഞ്ജു വാര്യർക്കുനേരെ ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി നെറ്റിസൺസ്. എന്‍റെ സിനിമകൾ കാണാൻ തിയറ്ററിലെത്തുന്നത് കൂടുതലും കുഞ്ഞുങ്ങളും രക്ഷിതാക്കളും മുത്തശ്ശി-മുത്തശ്ശൻമാരുമെല്ലാം അടക്കം കുടുംബം ഒന്നടങ്കമാണ്. ഈ സിനിമക്ക് അതിൽനിന്ന് വ്യത്യാസമുണ്ട്. ഇത് 18ന് മുകളിൽ പ്രായമുള്ളവരെ ഉദ്ദേശിച്ചുള്ള സിനിമയാണ് -ഇതായിരുന്നു 30 സെക്കൻഡ് പ്രൊമോഷൻ വിഡിയോയിലെ മഞ്ജു വാര്യറുടെ വാക്കുകൾ.
എന്നാൽ, ഈ വിഡിയോക്ക് താഴെ വന്നിരിക്കുന്നത് ഭൂരിഭാഗവും വിമർശന കമന്‍റുകളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നിലപാട് ചോദിച്ച് അടക്കമാണ് നിരവധി പേർ വിമർശനം ഉയർത്തുന്നത്.
ഇനി നിങ്ങളുടെ സിനിമ കാണണോ വേണ്ടയോ എന്ന് മലയാളി സമൂഹം തീരുമാനിക്കും... പ്രബുദ്ധ മലയാളികൾ വേണ്ടെന്നു വെച്ചാൽ നിങ്ങൾ ഒന്നും പിന്നെ ഇല്ല എന്നോർക്കണം... -എന്നാണ് വനിത ലീഗ് നേതാവ് ഷാഹിന നിയാസി കമന്‍റ് ചെയ്തത്.
ഡബ്ല്യു.സി.സി എന്തിയെ മഞ്ജു? ഹേമ റിപ്പോർട്ടിനെ കുറിച്ച് എന്തു പറയുന്നു? ഇനി നിങ്ങൾ ഒക്കെ അഭിനയിക്കുന്ന സിനിമ കാണണോ എന്ന കൺഫ്യൂഷൻൽ ആണ് ഞങ്ങൾ പ്രേഷകർ. പ്രമോഷൻ കൊണ്ടു ഇനി വലിയ കാര്യം ഇല്ല. -എന്ന് ഒരാൾ കമന്‍റ് ചെയ്തു. ഇത്തരത്തിൽ നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്.
‘കാണണോ വേണ്ടയോയെന്ന് ഞങ്ങൾ തീരുമാനിക്കും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ഇരയോടുപ്പമാണെന്ന് പറയുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തും’ എന്നാണ് സജീവൻ കുമ്മൻ എന്നയാൾ പറയുന്നത്.
സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം ഗായത്രി അശോക്, വിശാക് നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.