സമൂഹത്തോട് ഉത്തരം പറയാൻ 'അമ്മ' ഭാരവാഹികൾക്ക് ബാധ്യതയുണ്ട്; തിടുക്കപ്പെട്ട് രാജിവെച്ചത് ശരിയായില്ല -നിഖില വിമൽ
text_fields'അമ്മ'യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടമായി രാജിവെച്ചത് ശരിയായില്ലെന്ന് നടി നിഖില വിമൽ. 'അമ്മ'യിലെ അംഗങ്ങളായ തങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വിവരങ്ങളറിഞ്ഞത്. ഇത്ര തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലായിരുന്നുവെന്നും നിഖില പറഞ്ഞു. ഒരു സ്വകാര്യ വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
താരസംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകൾ അവർ നേരിട്ട ആരോപണങ്ങളുടെ ഭാഗമായി രാജിവെക്കുന്നു എന്നാണ് ഞങ്ങളറിഞ്ഞത്. 'അമ്മ'യിലെ അംഗങ്ങളെ അറിയിച്ചു കൊണ്ടായിരുന്നില്ല രാജി. ഞങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ അറിഞ്ഞത്. കുറച്ചു കൂടി സമയമെടുത്ത് ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ട് വേണ്ടിയിരുന്നു അവരുടെ രാജി. കാരണം മാധ്യമങ്ങളുടെ മുന്നിലും സിനിമ കാണാനെത്തുന്ന പ്രേക്ഷകരോടും മറുപടി നൽകാൻ അവർക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു.- നിഖില വ്യക്തമാക്കി.
താരസംഘടനക്ക് അകത്ത് നടക്കുന്നതിനെ കുറിച്ച് നമുക്കറിയില്ല. അംഗങ്ങളോട് ചർച്ച ചെയ്തിട്ടല്ല 'അമ്മ' തീരുമാനമെടുക്കുന്നതെന്നും നിഖില ചൂണ്ടിക്കാട്ടി. അതിനിടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുന്നതിൽ ചില താരങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൂട്ടമായി ചർച്ച ചെയ്തല്ല എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടതെന്നും അവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.