ദിലീപ് കുറ്റാരോപിതൻ ആണെന്ന് അറിഞ്ഞതുമുതൽ സഹകരിച്ചിട്ടില്ല -വിമർശനങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു
text_fieldsനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷത്തെ അതിജീവനയാത്രയെക്കുറിച്ച് നടി വ്യക്തമാക്കി രംഗത്തെത്തിയതോടെ നിരവധി താരങ്ങൾ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. യുവ താരങ്ങൾക്ക് പുറമെ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മുതിർന്ന താരങ്ങളും നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ 'ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ്. എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ല' എന്ന പരാമർശവുമായി നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. ജോയ് മാത്യുവിന്‍റെ പ്രസ്താവനയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കുറ്റവാളികളുമായി സഹകരിക്കില്ല എന്ന നിലപാട് ആദ്യം സ്വയം സ്വീകരിക്കണം എന്നായിരുന്നു ജോയ് മാത്യുവിനെതിരായ പരാമർശം. ഇതിനുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു വീണ്ടും.
ദിലീപ് കുറ്റാരോപിതൻ ആണെന്ന് അറിഞ്ഞതുമുതൽ അയാളുമായി സഹകരിച്ചിട്ടില്ലെന്നും ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽനിന്നുപോലും മാറ്റിയിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കൂടാതെ സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും വിവേകമുള്ള പ്രേക്ഷകരുമുള്ള കാലത്തോളം അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ലെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
'ഇന്നലെ ഞാനിട്ട പോസ്റ്റിന് കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ 'താങ്കൾ ആദ്യം തുടങ്ങൂ' എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല . കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്‍റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല' -എന്നാണ് ജോയ് മാത്യുവിന്‍റെ പോസ്റ്റ്.
ഇതിനൊപ്പം 2017ൽ ദിലീപിന്‍റെ അറസ്റ്റിന് പിന്നാലെ ദിലീപുമായി സഹകരിക്കില്ല എന്ന ജോയ് മാത്യുവിന്‍റെ പ്രതികരണം സംബന്ധിച്ച ദേശീയ മാധ്യമത്തിൽ വന്ന വാർത്തയും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.