കൽക്കി 2898 എ.ഡിയിൽ കമലിന് പകരം വില്ലനാകേണ്ടിയിരുന്നത് മോഹൻലാൽ; സംഭവിച്ചതിനെക്കുറിച്ച് നാഗ് അശ്വിൻ
text_fieldsഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി. ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം 1200 കോടിയാണ് ബോക്സോഫസിൽ നിന്ന് നേടിയത്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ കമൽ ഹാസൻ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സുപ്രീം യാസ്കിൻ എന്ന വില്ലനായിട്ടാണ് താരം എത്തിയത്. ഉഗ്രൻ മേക്കോവറിലായിരുന്നു കമൽ പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻ സ്പെയ്സ് കുറവായിരുന്നിട്ടും കമലിന്റെ സുപ്രീം യാസ്കിൻ ചിത്രത്തെ മറ്റൊരു തലത്തിൽകൊണ്ടെത്തിച്ചു. കൽക്കിയുടെ രണ്ടാംഭാഗം ഒരുങ്ങുകയാണ്. ചിത്രം കമലിന്റെ സുപ്രീം യാസ്കിനെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് സംവിധായകൻ നാഗ് അശ്വിൻ അറിയിച്ചിട്ടുണ്ട്.
കൽക്കി 2898 എ.ഡിക്കായി കമൽ ഹാസന്റെ അഭാവത്തിൽ മോഹൻലാലിനെ പരിഗണിച്ചിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംവിധായകൻ നാഗ് അശ്വിനാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ അണിയറപ്രവർത്തകർ മോഹൻലാലിലേക്ക് എത്തുന്നതിന് മുമ്പ് കമൽ സമ്മതം അറിയിക്കുകയായിരുന്നു.
'കൽക്കി 2898 എ.ഡിക്കായി സമീപിക്കുന്ന സമയത്ത് കമൽ ഹാസൻ ഇന്ത്യൻ 2 ന്റെ തിരക്കിലായിരുന്നു. അദ്ദേഹത്തിന് ഡേറ്റ് നൽകാനാവില്ലെന്ന് പറഞ്ഞു.തുടർന്ന് ആ കഥാപാത്രത്തിനായി നടൻ മോഹൻലാലിനെ ബന്ധപ്പെടാൻ തീരുമാനിച്ചു. തിരക്കഥയുമായി മോഹൻലാലിനെ സമീപിക്കുന്നതിന്‍റെ തലേദിവസം,തനിക്ക് ഒരുപാട് സീനുകൾ ഇല്ലാത്തതുകൊണ്ട് സിനിമ ചെയ്യാൻ തയാറാണെന്ന് കമൽ ഹാസൻ അറിയിച്ചു'- നാഗ് അശ്വിൻ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ചിത്രത്തിൽ ആകെ രണ്ട് സീനിലാണ് കമൽ പ്രത്യക്ഷപ്പെട്ടത്. 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.
കൽക്കി 2898 എ.ഡിയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏകദേശം 25-30 ദിവസത്തെ ഷൂട്ട് മാത്രമാണ് പൂർത്തിയായതെന്ന് നാഗ് അശ്വിൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഡിസൈനിങ്ങും ആക്ഷനും ഉൾപ്പടെയുള്ള മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും എല്ലാം ആദ്യം മുതൽ തുടങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.