പ്രവാചക നിന്ദ: നൂപുർ ശർമ്മയുടെ ക്ഷമാപണം ആത്മാർഥതയില്ലാത്തത്; വർഗീയവിഷം വ്യാപിക്കുന്നത് പ്രധാനമന്ത്രി തടയണമെന്ന് നസിറുദ്ദീൻ ഷാ
text_fieldsന്യുഡൽഹി: മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദീൻ ഷാ. രാജ്യത്ത് വർഗീയ വിഷം വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഇടപെടൽ നടത്തണമെന്ന് ഷാ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മോദി എന്തെങ്കിലും ചെയ്യണമെന്നും ഇത്തരക്കാരിൽ അവബോധം ഉണ്ടാക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളോടുള്ള പ്രധാനമന്ത്രിയുടെ നിലപാടുകൾ തുറന്നു പറയണമെന്നും നസിറുദ്ദീൻ ഷാ വ്യക്തമാക്കി.
നൂപുർ ശർമ്മയുടെ പ്രസ്താവന തെറ്റാണെന്നും വിവാദത്തിനിടെ അവർ നടത്തിയ ക്ഷമാപണം ആത്മാർഥതയില്ലാത്തതാണെന്നും ഷാ പറഞ്ഞു. അവർ സ്ത്രീയാണെന്ന് പറഞ്ഞ് ഒപ്പം നിൽക്കാനാവില്ല. ഒരു ദേശീയ വക്താവാണ്. അവരുടെ ക്ഷമാപണം വ്രണപ്പെടുത്തുന്ന വികാരങ്ങൾ ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇരട്ടത്താപ്പായിരുന്നെന്നും നസിറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, നൂപുർ ശർമ്മക്കെതിരെയുള്ള വധഭീഷണികളെ അപലപിക്കുന്നതായും ഷാ പറഞ്ഞു. അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്. അതുകൊണ്ടാണ് പാകിസ്താനും അഫ്ഗാനിസ്താനും ഈ അവസ്ഥയിലായത്. ഈ രാജ്യങ്ങളെ അനുകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്ത് ഇപ്പോഴും പശുവിനെ അറുത്തുവെന്ന സംശയത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്ന വസ്തുത നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, രാജ്യത്തെ വർഗീയപരമായി ധ്രൂവീകരിക്കുന്നതിൽ വാർത്താ ചാനലുകളും സമൂഹമാധ്യമങ്ങളും ഒരു പോലെ ഉത്തരവാദികളാണെന്നും പ്രകോപനപരമായ വിവരണങ്ങളും വിഷയങ്ങളും ഇവരുടെ പ്രധാന ഉള്ളടക്കങ്ങളാണെന്നും നസിറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.