രാവണൻ വില്ലനല്ല, സംവിധായകൻ മാർവൽ ആണോ ഒരുക്കാൻ ശ്രമിച്ചത്; വിമർശനവുമായി രാമാനന്ദ് സാഗറിന്റെ മകൻ
text_fieldsപ്രഭാസ് , കൃതി സിനോൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താനായിട്ടില്ല. ചിത്രത്തിലെ പലരംഗങ്ങൾക്കും സംഭാഷണത്തിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ആദിപുരുഷ് ഹൈന്ദവ സംസ്കാരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഹിന്ദുസേന ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്. വാൽമീകി മഹർഷിയുടെ രാമായണം പോലെയല്ല ചിത്രം എടുത്തിരിക്കുന്നതെന്നും ഹനുമാനെയും രാവണനെയും സീതയെയും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലെന്നും ഇവർ പറയുന്നു. ഹിന്ദു ബ്രാഹ്മണനായ രാവണനെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഇവർ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇപ്പോഴിതാ ഓം റൗട്ടിന്റെ ആദിപുരുഷിനെതിരെ ടെലിവിഷൻ പരമ്പരയായ രാമായണത്തിന്റെ സംവിധായകൻ രാമാനന്ദ് സാഗറിന്റെ മകൻ പ്രേം സാഗർ. താൻ ആദിപുരുഷ് കണ്ടിട്ടില്ലെന്നും ചിത്രത്തിന്റെ ട്രെയിലറും ടീസറും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ദേശീയ മാധ്യമത്തിനോട് പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ സംഭാഷണവുമായി ബന്ധപ്പെട്ട് അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു.
ഓം റൗട്ട് ചിത്രം ആദിപുരുഷ് ഞാൻ കണ്ടിട്ടില്ല. എന്നാൽ ചിത്രത്തിലെ ഹനുമാന്റെ തീപ്പൊരി ഡയലോഗ് ആളുകളെ ചിരിപ്പിച്ചതായി അറിഞ്ഞു. സംവിധായകൻ ഓം റൗട്ട് മാർവൽ പോലെയുള്ള ചിത്രമാണോ ഒരുക്കാൻ ശ്രമിച്ചത് - പ്രേം സാഗർ ചോദിക്കുന്നു.
സെയ്ഫ് അലിഖാൻ അവതരിപ്പിച്ച രാവണൻ എന്ന കഥാപാത്രത്തിന്റെ ലുക്ക് ഏറെ നിരാശപ്പെടുത്തി. പാണ്‌ഡിത്യവും ജ്ഞാനമുള്ള ആളാണ് രാവണൻ. അദ്ദേഹത്തെ കൊടും വില്ലനായി ചിത്രീകരിക്കാൻ കഴിയില്ല. ഗ്രന്ഥങ്ങൾ പറയുന്നത്, ശ്രീരാമന്റെ കൈകളിൽ നിന്ന് മാത്രമേ തനിക്ക് മോക്ഷം ലഭിക്കൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നാണ്.
ഒരുപക്ഷെ ഇപ്പോഴത്തെ തലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് സംവിധായകൻ രാമായണം ഒരുക്കിയതെങ്കിൽ കൊളാബയും, ബ്രീച്ച് കാന്‍റിയും ( മുംബൈയിലെ സ്ഥലങ്ങള്‍) കാണിച്ചാല്‍ പോരെ, എന്തിനാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ വികാരത്തെ വേദനിപ്പിക്കുന്നത് - പ്രേം സാഗര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.