മീരയുടെ ഓണപ്പൂക്കൾ...
text_fieldsഅന്നുമിന്നുമെന്നും മലയാളികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. ഒട്ടേറെ കുസൃതി നിറഞ്ഞ വേഷങ്ങളും അതുപോലെതന്നെ ഗൗരവതരമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് മലയാളികളുടെ സ്വന്തമായ മീര. സൂത്രധാരനിലെ ശിവാനിയായി വന്ന് കസ്തൂരിമാനിലെ പ്രിയംവദയും ഗ്രാമഫോണിലെ ജെന്നിഫറും പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയും ഒരേ കടലിലെ ദീപ്തിയും രസതന്ത്രത്തിലെ കൺമണിയും വിനോദയാത്രയിലെ അനുപമയും മിന്നാമിന്നിക്കൂട്ടത്തിലെ ചാരുലതയും കൽക്കട്ട ന്യൂസിലെ കൃഷ്ണപ്രിയയും അച്ചുവിന്റെ അമ്മയിലെ അച്ചുവുമുൾപ്പെടെ ഒരു പിടി നല്ല കഥാപാത്രങ്ങളെ പകർന്നാടിയിട്ടുണ്ടവർ. സിനിമപ്രേക്ഷകരുടെ നെഞ്ചിലെന്നും ഓർത്തുവെക്കുന്ന വേഷങ്ങൾ ചെയ്തുവെച്ച് ഇടക്ക് സിനിമാലോകത്തു നിന്ന് മാറി നിന്നെങ്കിലും വീണ്ടും സുന്ദരമായ കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവു നടത്തുകയാണ് ഈ താരം. മീര ജാസ്മിൻ ഓണവിശേഷങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെക്കുന്നു.
അത്തപ്പൂവിടുമ്പോൾ സഹായിയായി
ചെറുപ്പകാലത്തെ സുന്ദരമായ ഓണക്കാലത്തെ കുറിച്ചുള്ള ഓർമകൾ നിറയുകയാണ് മീര ജാസ്മിന്റെ മനസ്സുനിറയെ. അന്നത്തെ ഓണത്തെക്കുറിച്ച് ചോദിച്ചാൽ ആദ്യം ഓർമ വരിക തിരുവല്ലയിലെ തന്റെ വീടും അവിടത്തെ ഹൗസിങ് കോളനിയിലെ ഓണാഘോഷങ്ങളുമൊക്കെയാണെന്ന് മീര പറയുന്നു. തിരുവല്ലയിൽ ചെറുപ്പത്തിൽ താമസിക്കുമ്പോൾ ഹൗസിങ് കോളനി കേന്ദ്രീകരിച്ച് അത്തപ്പൂക്കള മത്സരം ഒരുക്കാറുണ്ടായിരുന്നു. അന്ന് തീരെ കുട്ടിയായതിനാൽ പൂവിടാനുള്ള അനുമതിയില്ല. പകരം പൂക്കൂട പിടിച്ചുകൊടുക്കുക, പൂവെടുത്തുകൊടുക്കുക, പൂക്കൾ അരിഞ്ഞുകൊടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് സഹായിയായി നിന്നിട്ടുള്ളത്. തീരെ ചെറിയ പ്രായത്തിൽ കൂട്ടുകാർക്കൊപ്പം ചുറ്റുവട്ടത്തുള്ള ഓണപ്പൂക്കൾ തേടിപ്പോയതിന്റെ ഓർമകൾ ഗൃഹാതുരത്വമുണർത്തുന്നവയാണ്. ഇന്ന് അങ്ങനത്തെ കാര്യങ്ങളൊന്നുമില്ലല്ലോ... എന്നാൽ, അന്നത്തെ ആ കുഞ്ഞുപ്രായത്തിലെ ഓണക്കാലം ഓർമയിൽ എന്നും നിറഞ്ഞു നിൽക്കുന്ന സുന്ദരനിമിഷങ്ങളാണെന്നും മീര പറയുന്നു.
സെറ്റിലെ കളർഫുൾ ഓണം
ചെറുപ്പത്തിലെ കുഞ്ഞോർമകളെ കൂടാതെ കളർഫുൾ ഓണം ആഘോഷിച്ചത് വിവിധ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളിലാണ്. ഓണസദ്യയും മറ്റുമായി എല്ലാവരും ചേർന്ന് ശരിക്കും ആഘോഷമായിരിക്കും. ഓണക്കാലത്ത് ദുബൈയിലും മറ്റുമാണെങ്കിൽ ഓണസദ്യ കിട്ടാറുണ്ട്. എന്നാൽ, മറ്റു ചില രാജ്യങ്ങളിലാണെങ്കിൽ സദ്യ മിസ് ചെയ്യും. എന്നാലും പരമാവധി ഓണാഘോഷത്തിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്നും മീര പറയുന്നു. ദിവസങ്ങൾക്കു മുമ്പ് ഇറങ്ങിയ മീരയുടെ ഏറ്റവും പുതിയ ചിത്രം പാലും പഴവും ഒരു ഓണാഘോഷം പോലത്തെ ഫീൽ തരുന്ന ചിത്രമായിരുന്നു. ഓണത്തിനു കുറച്ചു മുമ്പേ ഇറങ്ങിയെങ്കിലും മീരയുടെ വക തന്നെ സ്നേഹിക്കുന്ന മലയാളികൾക്കുള്ള ഓണസമ്മാനം തന്നെയാണിത്. പാലും പഴവും ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങളും ഓണക്കാലം പോലെ സുന്ദരമായിരുന്നുവെന്ന് മീര ഓർക്കുന്നു.
ക്ലീഷേ തകർക്കുന്ന സിനിമകൾ
പ്രായം കൂടുതലുള്ള പുരുഷനും പ്രായം കുറവുള്ള സ്ത്രീയും വിവാഹിതരാവുക എന്ന ക്ലീഷേയെ തകർക്കുന്ന ചിത്രമാണ് പാലും പഴവും. ഇതിലെ നായകനും നായകനെക്കാൾ പ്രായമുള്ള നായികയും തമ്മിലാണ് അടുപ്പത്തിലാവുന്നതും വിവാഹം ചെയ്യുന്നതുമെല്ലാം. എന്നാൽ, അതൊരു ഗുണപാഠ കഥപോലെയല്ല അവതരിപ്പിച്ചിട്ടുള്ളത്, മറിച്ച് നർമത്തിനും ചിരിക്കും പ്രാധാന്യം നൽകി, തീർത്തും എൻറർടെയ്ൻമെൻറ് മോഡിലെടുത്ത ചിത്രമാണ് പാലും പഴവും. നായികക്കോ നായകനോ പ്രത്യേക പ്രാധാന്യമില്ല, മറിച്ച് എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടൊരുക്കിയ ചിത്രമാണിത്. മീരയുടെ ഓരോ സിനിമയിലും ഈ ക്ലീഷേ തകർക്കുന്ന ഘടകങ്ങളെന്തെങ്കിലും കാണാം. കസ്തൂരിമാനിലും ഗ്രാമഫോണിലുമെല്ലാം സമ്പന്നയല്ലാതിരുന്നിട്ടുപോലും താൻ ജോലി ചെയ്തുണ്ടാക്കിയ കാശിൽനിന്ന് നായകനെ സഹായിക്കുന്ന നായികയാണുള്ളത്. രസതന്ത്രത്തിലെ കൺമണിയാണെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദം നിമിത്തം മറ്റൊരു യുവാവായി വേഷമിടേണ്ടിവരുന്ന കഥാപാത്രമാണ്. സ്വപ്നക്കൂട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കമല സ്വന്തം ഇഷ്ടങ്ങളും മോഹങ്ങളും ഉള്ളിലടക്കിപ്പിടിച്ച് കഴിയുന്ന, എന്നാൽ ധൈര്യശാലിയായ പെൺകുട്ടിയും. ഇത്തരത്തിൽ കഥാപാത്ര വൈവിധ്യങ്ങളുടെ കാര്യത്തിൽ മീര ജാസ്മിൻ എല്ലാ കാലത്തും മുൻപന്തിയിലുണ്ടായിരുന്നു.
മാറുന്നു, മലയാള സിനിമ
പ്രമേയപരമായും അവതരണ രീതിയിലുമെല്ലാം മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മീര വിലയിരുത്തുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ട്രി ആണ് മലയാള സിനിമയിപ്പോൾ. ബോളിവുഡിലൊക്കെ മലയാള സിനിമയെന്നു പറഞ്ഞാൽ അവർക്ക് വലിയ കാര്യമാണ്. നല്ല രീതിയിലുള്ള മാറ്റമാണ് ഈ മേഖലയിലുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ അഭിമാനകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നും നല്ല കാര്യമാണെന്നും താരം പങ്കുവെക്കുന്നു.
സിനിമ തെരഞ്ഞെടുക്കുമ്പോൾ
ചിലപ്പോൾ അഭിനയിക്കുന്ന ചിത്രം വാണിജ്യപരമായിരിക്കില്ല, എന്നാൽ, ചിലത് വളരെ എൻറർടെയ്നിങ് ആയിരിക്കും. ഒരിക്കലും കമേഴ്സ്യൽ സിനിമ മാത്രമേ ചെയ്യൂ എന്നോ അല്ലെങ്കിൽ അവാർഡ് പടം മാത്രമേ ചെയ്യൂ എന്നോ ഒന്നുമില്ല. അവാർഡ് എന്നത് മികച്ച രീതിയിൽ ചെയ്തുവരുമ്പോൾ അവസാനം കിട്ടുന്ന ഒരു അംഗീകാരമാണെന്നും അല്ലാതെ ഞാനീ സിനിമക്ക് അവാർഡ് വാങ്ങും എന്നു പറഞ്ഞ് ഒരിക്കലും അഭിനയിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും മീര വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.