ഓർമകളുടെ സുധിലയം...
text_fieldsങ്ങനാശ്ശേരി മാടപ്പള്ളി പ്ലാന്തോട്ടത്തെ സുധിലയം എന്ന വീടിനു മുകളിൽ ഓണനിലാവു പരക്കുകയാണ്. ഏറെ കൊതിച്ചൊരു വീട് സ്വന്തമായപ്പോൾ സുധിയില്ല. കളിയും ചിരിയുമായി ഓടിനടക്കേണ്ടയാൾ ഓർമകളായി ആ വീട്ടിൽ അലിയുകയാണ്. നഷ്ടബോധത്തിന്റെ വിങ്ങലുകൾക്കിടയിലും കൊല്ലം സുധിയുടെ ഭാര്യ രേണുവിന് കരുത്താകുന്നത് അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദങ്ങളും ബന്ധങ്ങളുമാണ്. വീട് ആദ്യകല്ലിൽനിന്ന് ഉയരുമ്പോൾ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഓരോ ദിവസവും വന്നുകേറുമ്പോൾ വീടിനകത്ത് പുതിയ വീട്ടുപകരണങ്ങൾ. ആര് കൊണ്ടുവെക്കുന്നുെവന്ന് പോലും അറിയില്ല. സുധിച്ചേട്ടന്റെ മനസ്സിൽ രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ബാത്റൂം എന്നിവയടങ്ങിയ ചെറിയ വീടാണുണ്ടായിരുന്നത്. ഇപ്പോഴത്തെ വീട് ഞങ്ങളുടെ സങ്കൽപങ്ങൾക്കും അപ്പുറത്താണ്. സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ മികച്ചത്. വീട് നിർമിച്ചവരാണ് സുധിലയം എന്നു പേരിട്ടത്. എന്നോടു ചോദിച്ചു നല്ല പേരല്ലേ എന്ന്. എനിക്കും ഇഷ്ടപ്പെട്ടു. സുധി ലയിക്കുന്ന ഇടം അതല്ലേ സുധിലയം -രേണുവിന്റെ വാക്കുകളിലുണ്ട് സുധിയോടുള്ള തീരാത്ത പ്രണയം.
അഞ്ചുവർഷത്തെ ദാമ്പത്യം
ടമാർ പടാർ ഷോയുടെ തിരക്കഥാകൃത്ത് സുബീഷ് ഗിന്നസുമായി പരിചയമുണ്ടായിരുന്നു. ഞാൻ ജഗദീഷേട്ടന്റെ ആരാധികയാണ്. സുധിച്ചേട്ടൻ ജഗദീഷേട്ടനെ അവതരിപ്പിക്കുന്നതു കണ്ട് ഇഷ്ടം തോന്നി. സുബീഷ് ഗിന്നസിനെ വിളിച്ച് സുധിച്ചേട്ടന്റെ നമ്പർ എടുത്ത് മെസേജയച്ചു. ആദ്യമൊന്നും പ്രതികരിച്ചില്ല. പിന്നീടൊരിക്കൽ എന്നെ വിളിച്ചു. മക്കളേ എന്ന് വിളിച്ചാണ് ആദ്യം സംസാരിച്ചത്. പിന്നെ ഇടക്ക് വിളിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കൽ എന്നോട് ചോദിച്ചു. ‘എന്നെയും മകനെയും വന്നുകാണുമോ. കുഞ്ഞിനോട് അമ്മയാണെന്ന് പറയട്ടെ’ എന്ന്. ഒരുപാട് സങ്കടവും സന്തോഷവും തോന്നി. ഞാൻ ജീവനോെട ഉള്ളത്രയും കാലം സുധിച്ചേട്ടനെയും മോനെയും നോക്കിക്കോളാം എന്ന് വാക്കുനൽകി. ഒന്നരവർഷത്തോളം ആരും അറിഞ്ഞില്ല ഞങ്ങളുടെ ബന്ധം. എന്റെ വീട്ടിൽ പറഞ്ഞപ്പോഴും എതിർപ്പില്ല. കൂടെ കൂടിയ അന്നുമുതൽ സുധിച്ചേട്ടനും മകനും എന്റെ പ്രിയപ്പെട്ടവരായി. 12 വയസ്സുമുതൽ എന്നെ അമ്മേ എന്നു വിളിച്ചവനാണ് മൂത്ത മകൻ രാഹുൽ. ഇന്നും ആ വിളിയിലെ സ്നേഹം അൽപം പോലും കുറഞ്ഞിട്ടില്ല. രാഹുൽ അൽപം ശാന്തനും ഉൾവലിഞ്ഞ പ്രകൃതമുള്ളവനുമാണ്. കൊല്ലത്ത് ആനിമേഷൻ കോഴ്സിനു പഠിക്കുകയാണിപ്പോൾ. 20 വയസ്സാകുന്നു. അഞ്ചുവയസ്സുകാരനായ റിതുൽ സുധിച്ചേട്ടന്റെ തനിപ്പകർപ്പാണ്. മിമിക്രി, പാട്ട്, ഡാൻസ് എല്ലാം കൈയിലുണ്ട്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ പഴയ പാട്ടുകൾ പഠിപ്പിക്കുമായിരുന്നു. അതാണ് എപ്പോഴും പാടി നടക്കുക. റിതപ്പൻ എന്നാണ് സുധിച്ചേട്ടൻ വിളിച്ചിരുന്നത്. ഇപ്പോ എല്ലാവരും അങ്ങനെയാണ് വിളിക്കുക. അവനെ പൈലറ്റാക്കാനായിരുന്നു സുധിച്ചേട്ടന്റെ ആഗ്രഹം. അടുത്തിടെ ആയിരുന്നു അവന്റെ പിറന്നാൾ. അന്ന് കേക്ക് മുറിക്കുമ്പോൾ എന്നോട് ചോദിച്ചു, സുധിയച്ഛൻ വരുമോ എന്ന്. ഇല്ല മോനേ അച്ഛൻ മരിച്ചുപോയി. ഇനി വരില്ല എന്ന് പറഞ്ഞു ഞാൻ. അപ്പോഴവൻ പ്രാർഥിക്കുന്നു സുധിയച്ഛനെ കൊണ്ടുവരണേ എന്ന്. എന്താണ് കുഞ്ഞിനോട് പറയുക. വലുതാകുമ്പോൾ മനസ്സിലാകുമായിരിക്കും. സുധിച്ചേട്ടൻ വീട്ടിലുള്ളപ്പോൾ കളിയും ചിരിയുമാണ്. അടുക്കളയിൽ എന്റെ പിറകെ ഉണ്ടാവും എപ്പോഴും. ചിക്കൻ കറിയോ മറ്റോ വെച്ചാൽ അത് വേറൊരു രീതിയിലാക്കിയെടുക്കും പുള്ളി. പുറത്തിറങ്ങിയാൽ വഴിയിൽ കാണുന്നവരോടെല്ലാം മിണ്ടും. വിശേഷങ്ങൾ ചോദിക്കും. മക്കളേ എന്നാണ് എല്ലാവരെയും വിളിച്ചിരുന്നത്.
ഇപ്പോഴും കേൾക്കും ആ വിളി
മരിക്കുന്നതിന്റെ തലേന്ന് മാറിയിട്ട ടീഷർട്ടും കൈലിയും അലക്കാതെ അതേപടി ഞാൻ എടുത്തുവെച്ചിട്ടുണ്ട്. സുധിച്ചേട്ടന്റെ ഷൂസ്, സ്റ്റാർ മാജിക്ക് ഷോയിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, അദ്ദേഹം കഴിച്ചിട്ടുവെച്ചുപോയ മിഠായിക്കടലാസ് പോലും കളഞ്ഞില്ല. അധികം വസ്ത്രങ്ങളൊന്നും ഇല്ല സുധിച്ചേട്ടന്. വാങ്ങാൻപോയാലും വാവക്കും മക്കൾക്കും എടുത്താൽ മതി എന്നാണ് പറയുക. ഞാനെത്ര നിർബന്ധിച്ചാലും വാങ്ങില്ല. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം ആർക്കെങ്കിലും കൊടുക്കാം എന്നു പറഞ്ഞു പലരും. ഞാൻ കൊടുത്തില്ല. പുതിയ വീട്ടിൽ ഞങ്ങളുടെ മുറിയിൽ അതെല്ലാം സൂക്ഷിക്കും. ആ ഓർമകളും മണവും എനിക്കുവേണം.
സുധിച്ചേട്ടൻ കൂടെത്തന്നെയുണ്ട്. പലപ്പോഴും എനിക്ക് ആ സമീപ്യം തോന്നാറുണ്ട്. ചില ദിവസങ്ങളിൽ പുലർച്ച 4.30ന് സുധിച്ചേട്ടൻ വിളിക്കുന്നതുപോലെ കേട്ട് ഞാൻ ഞെട്ടിയുണരാറുണ്ട്. ആ സമയത്താണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. സുധിച്ചേട്ടനൊപ്പം കഴിഞ്ഞ പഴയ വാടകവീട് ഉപേക്ഷിക്കുന്നതിൽ വിഷമമുണ്ടായിരുന്നു. ആ ഓർമകളെല്ലാം പുതിയ വീട്ടിലേക്കു പറിച്ചുനടുകയായിരുന്നു ഞാൻ.
സുധിയുടെ മണമുള്ള പെർഫ്യൂം
ഞാനും സുധിച്ചേട്ടനുമൊന്നിച്ച് യൂട്യൂബിൽ ഒരു വിഡിയോ കണ്ടിരുന്നു. മരിച്ചയാളുടെ മണം പെർഫ്യും ആക്കുന്നതിനെക്കുറിച്ച്. മരിച്ചവരുടെ മണമോ എന്ന കൗതുകമായിരുന്നു അപ്പോൾ ഞങ്ങൾക്ക്. സുധിച്ചേട്ടൻ പോയപ്പോ എനിക്കും അങ്ങനെതോന്നി. ഞാനാണ് ലക്ഷ്മി നക്ഷത്രയോട് ആവശ്യപ്പെട്ടത്. സുധിച്ചേട്ടൻ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം ദുബൈയിൽ കൊണ്ടുപോയി എനിക്കുവേണ്ടി ലക്ഷ്മി പെർഫ്യൂം കൊണ്ടുവന്നുതന്നു. സുധിച്ചേട്ടന്റെ േഫാട്ടോക്കുമുന്നിൽ ആ പെർഫ്യൂം സൂക്ഷിച്ചിട്ടുണ്ട്.
നാടകവും സിനിമയും
പ്ലസ് ടുവിന്റെ സർട്ടിഫിക്കറ്റ് മാത്രമേ ൈകയൈിലുള്ളൂ. ഏവിയേഷൻ കോഴ്സ് ചെയ്യുമ്പോഴായിരുന്നു വിവാഹം. പിന്നീട് ജോലിക്കൊന്നും ശ്രമിച്ചില്ല. സുധിേച്ചട്ടൻ പോയ ശേഷം അദ്ദേഹവുമായുള്ള ബന്ധത്തിന്റെ പേരിൽ എത്തിയതാണ് നാടകത്തിലെയും സിനിമയിലെയും അവസരങ്ങൾ. ആദ്യം ഞാനൊഴിയാൻ ശ്രമിച്ചതാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഡാൻസും പാട്ടുമെല്ലാം ചെയ്തതിന്റെ അനുഭവം മാത്രമേയുള്ളൂ. സുധിച്ചേട്ടനൊപ്പം കൂടിയ ശേഷം അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. കൊച്ചിൻ സംഘമിത്രയുടെ ‘ഇരട്ടനഗരം’ എന്ന നാടകത്തിൽ അഭിനയിച്ചുതുടങ്ങി. ഫസ്റ്റ് ഷെഡ്യൂൾ റിഹേഴ്സൽ പൂർത്തിയായി. സിനിമയുടെ ടൈറ്റിൽ ഷൂട്ട് കഴിഞ്ഞു. നന്നായി ചെയ്യുന്നുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്.
കുടുംബംപോലെ കൂടെ
ആംഗ്ലിക്കൻ സഭയിലെ ബിഷപ്പായ നോബിൾ ഫിലിപ്പ് അമ്പലവേലിലാണ് വീടുവെക്കാൻ ഏഴു സെന്റ് സ്ഥലം രണ്ടുമക്കളുടെയും പേരിൽ നല്കിയത്. ഫ്ലവേഴ്സ്, 24 ന്യൂസ് ചാനലുമായി സഹകരിച്ച് കേരള ഹോം ഡിസൈൻ (കെ.എച്ച്.ഡി.എഫ്.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മ വീട് നിർമിച്ചുനൽകി. കുട്ടികളുടെ പഠനച്ചെലവ് നോക്കുന്നതും ഫ്ലവേഴ്സ്, 24 ന്യൂസ് ചാനലാണ്. മിമിക്രി കലാകാരന്മാരുടെ സംഘടന, ലക്ഷ്മി നക്ഷത്ര തുടങ്ങി നിരവധി പേർ സഹായിക്കുന്നുണ്ട്. ഇവർ എന്നും കൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടുമക്കളുടെയും പേരിലാണ് വീട്. അവിടെ താമസിക്കാൻ എനിക്കു കഴിഞ്ഞല്ലോ, അതുമതി. ദൈവത്തിനടുത്തിരുന്ന് സുധിച്ചേട്ടൻ എല്ലാം കാണുന്നുണ്ടായിരിക്കും. അദ്ദേഹം മറ്റുള്ളവരെക്കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കുന്നതായിരിക്കും ഞങ്ങൾക്കുവേണ്ടി. എന്തൊക്കെ നേടിയാലും സുധിച്ചേട്ടന്റെ സ്ഥാനത്തുള്ള ആ ശൂന്യത നികത്താനാവില്ല. ആ സ്ഥാനം എന്നും ഒഴിഞ്ഞുകിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.