ശവസംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുത്ത് കണ്ണീരൊഴുക്കാൻ കൂലി അഞ്ച് ലക്ഷം; വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ
text_fieldsമുംബൈ: കടയുടെ ഉദ്ഘാടനത്തിനും വിവാഹത്തിനും മറ്റും സെലിബ്രിറ്റികൾ പങ്കെടുത്ത് അരങ്ങ് കൊഴുപ്പിക്കുന്നത് നാം കാണാറുണ്ട്. അതിന് അവർക്ക് നല്ല കാശും കിട്ടാറുണ്ട്. എന്നാൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു നടന് പണം വാഗ്ദാനം ചെയ്താലോ. സംഭവം സത്യമാണ്.
ബോളിവുഡ് നടൻ ചങ്കി പാണ്ഡേയാണ് തനിക്കുണ്ടായ അനുഭവം മുംബൈ മിററിനോട് തുറന്നു പറഞ്ഞത്. 2009ലാണ് ഒരു വ്യവസായിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പണ്ഡേക്ക് അഞ്ച് ലക്ഷം രൂപയുടെ ഓഫർ ലഭിച്ചത്. പങ്കെടുക്കുക മാത്രമല്ല മൃതദേഹം കണ്ട് സ്വൽപം കണ്ണീർ പൊഴിക്കാനും ചടങ്ങ് തീരുന്നത് വരെ അവിടെ ഒരു മൂലയിൽ ചിലവഴിക്കാനുമായിരുന്നു ആവശ്യം.
പാണ്ഡേ അഭിനയിച്ചിരുന്ന ഒരു സിനിമയിൽ മരിച്ച വ്യക്തി നിക്ഷേപം നടത്തിയിരുന്നുവത്രെ. എന്നാൽ കടം വാങ്ങിയ പണം തിരിച്ചടക്കാൻ പ്രയാസപ്പെട്ടു. പാണ്ഡേ അടക്കമുള്ള നടൻമാരെ വെച്ച് പടം നിർമിക്കാൻ അദ്ദേഹം പണമിറക്കിയതായി കടക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്. പാണ്ഡേ ആവശ്യം നിരാകരിച്ചെങ്കിലും കുടുംബത്തിന്‍റെ അഭ്യർഥന മാനിച്ച് മറ്റൊരു നടനെ ഏർപ്പാടാക്കി.
'പകരം ആരാണ് പോയതെന്ന് എനിക്ക് വെളിപ്പെടുത്താനാകില്ല. അദ്ദേഹം മടിയൊന്നുമില്ലാതെ അതിന് തയാറായി എന്ന് പറയുകയല്ലാതെ. അധികം സംസാരിക്കാതെ പ്രതിമ പോലെ കുറച്ച് നേരം നിൽക്കാൻ അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത് ചില്ലറ കാര്യമല്ലല്ലോ' -പാണ്ഡേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.