ആത്മാവിൽ നിറയുന്ന ഗംഗേട്ടൻ
text_fieldsകോഴിക്കോട് എന്നു പറയുമ്പോൾതന്നെ എന്റെ ഉള്ളിൽ നിറയുന്ന പേര് പി.വി.ജിയുടേതാണ്. കോഴിക്കോട് പി.വി.ജി ഉണ്ട് എന്നതുതന്നെ എനിക്ക് ഒരു ധൈര്യമായിരുന്നു. 1991ൽ ‘എന്നും നന്മകൾ’ തൊട്ടാണ് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടൊപ്പം സിനിമ ചെയ്യാൻ കഴിയുക എന്നത് പുതുമുഖ സംവിധായകൻ എന്ന നിലയിൽ വലിയ അംഗീകാരമായിരുന്നു എനിക്ക്. അതിനുശേഷം വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, തൂവൽക്കൊട്ടാരം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ കുറെ സിനിമകൾ ചെയ്തു. ഇതിനിടെ ഞങ്ങൾ തമ്മിൽ വലിയൊരു സൗഹൃദം രൂപപ്പെടുകയും ഒരു നിർമാതാവ് എന്നതിനപ്പുറത്തേക്ക് അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
ഞങ്ങളൊന്നിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ആദ്യമായി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ കാണുന്നത് ഞാനും ഗംഗേട്ടനുംകൂടി ഡൽഹിയിൽ പോയിട്ടാണ്. എന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലെല്ലാം അദ്ദേഹം പങ്കുചേർന്നിട്ടുണ്ട്. നിർമാതാവ് എന്ന നിലയിൽ സംവിധായകന് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നയാളായിരുന്നു പി.വി.ജി. മനസ്സിൽ ആശയം തോന്നിയാൽ അത് സിനിമയാക്കണമെങ്കിൽ നമ്മോട് പൂർണമായി വിശ്വാസ്യത പുലർത്തുന്ന നിർമാതാവ് വേണം. ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയുടെ ആശയം മനസ്സിൽ വന്നപ്പോൾതന്നെ ഞാൻ ഗംഗേട്ടനോട് പറഞ്ഞു. അധികം പ്രായവ്യത്യാസമില്ലാത്ത ഒരു അമ്മയും മകളും, മകൾക്ക് അറിയാം അമ്മ വിവാഹം കഴിച്ചിട്ടില്ലെന്ന്. അത്രയുമാണ് ഞാൻ പറഞ്ഞത്. അത് കേട്ടപ്പോൾതന്നെ അദ്ദേഹം പറഞ്ഞു, ഇത് നമുക്ക് ചെയ്യാമെന്ന്. പിന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ല. പി.വി. ഗംഗാധരനെപ്പോലെ ഒരാൾ, ഇത്രയും സിനിമയുടെ നിർമാതാവായ ഒരാൾ അങ്ങനെ പറഞ്ഞതോടെ എനിക്കും വലിയ ആത്മവിശ്വാസം കൈവന്നു. നല്ല സിനിമാസംസ്കാരമുള്ളയാളായിരുന്നു അദ്ദേഹം.
വ്യക്തി എന്ന നിലയിൽ എന്നിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ആളായിരുന്നു ഗംഗേട്ടൻ. എന്റെ ചേട്ടനെന്നോ, ഏറ്റവും വലിയ കൂട്ടുകാരൻ എന്നോ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തുതന്ന ഗുരുനാഥൻ എന്നോ പറയാം. സിനിമയിൽ മാത്രമല്ല, ജീവിതത്തിലായാലും എന്തെങ്കിലും പ്രതിസന്ധികളിൽപെടുമ്പോൾ ഒരു ടെലിഫോൺ കാൾ മതി, പി.വി. ഗംഗാധരൻ അതിനുള്ള പരിഹാരം നിർദേശിച്ചിരിക്കും, അല്ലെങ്കിൽ എന്റെ അടുത്ത് എത്തിയിരിക്കും. എന്റെ വീട്ടിലെ എല്ലാ വിശേഷങ്ങൾക്കും ഗംഗേട്ടൻ വരും. അതുപോലെ അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാ വിശേഷങ്ങൾക്കും ഞാനും പോകുമായിരുന്നു. എന്റെ എല്ലാ പിറന്നാളിനും അദ്ദേഹം കേക്ക് അയക്കും. ചിലപ്പോൾ എന്റെ ഭാര്യക്കുപോലും അതേക്കുറിച്ച് ഓർമയുണ്ടാകില്ല, പക്ഷേ പിറന്നാളിന്റെ അന്ന് ഗംഗേട്ടന്റെ കേക്ക് വീട്ടിൽ എത്തിച്ചിരിക്കും. എന്റെ മകന്റെ കല്യാണത്തിന് ഏറ്റവും മുന്നിൽനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ഗംഗേട്ടനാണ്.
ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നിഷ്കളങ്കനായ മനുഷ്യനായിരുന്നു ഗംഗേട്ടൻ. കുട്ടികളോടൊപ്പമാണെങ്കിൽ കുട്ടിയായും യുവാക്കളോടൊപ്പമാണെങ്കിൽ യുവാവായും മാറാൻ കെൽപുള്ളയാളായിരുന്നു. വലുപ്പച്ചെറുപ്പമില്ലാത്തയാളാണ്. മോഹൻലാൽ മുതൽ ഇങ്ങേയറ്റത്ത് ചായ തരുന്ന പയ്യനോട് വരെ അദ്ദേഹം സ്നേഹത്തോടെ തോളിൽ കൈയിട്ടു സംസാരിക്കും. അതൊക്കെ എനിക്ക് വലിയ പാഠമാണ്. പണംകൊണ്ടോ പ്രതാപംകൊണ്ടോ പ്രശസ്തികൊണ്ടോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് തെളിയിച്ചിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാർഗദർശിയായിരുന്നു ഗംഗേട്ടൻ. ആത്മാവിനോട് ചേർന്നുനിന്ന പലരും നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇന്നസെന്റ്, മാമുക്കോയ, ലളിതച്ചേച്ചി, നെടുമുടി വേണു... എന്നും തമ്മിൽ സംസാരിച്ചിരുന്ന ആളുകളായിരുന്നു ഞങ്ങൾ. അങ്ങനെ ഒരാളെക്കൂടി എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ, ഗംഗേട്ടൻ പോയിട്ടില്ല എന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗംഗേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
തയാറാക്കിയത്: അനുശ്രീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.