അളക്കാനാവാത്ത ഹൃദയബന്ധം
text_fieldsഗംഗേട്ടന്റെ വിയോഗത്തിന് മുന്നിൽ എന്തുപറയണം എന്നെനിക്കറിയില്ല. ഞാൻ പണ്ട് സിനിമ സ്വപ്നംകണ്ട് നടന്ന കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ബാനറായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്. സ്ക്രീനിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അല്ലെങ്കിൽ കെ.ടി.സി എന്ന് എഴുതിവരുമ്പോൾ ആ ബാനറിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നോ ആ കുടുംബവുമായി ഇത്രയും ആഴമേറിയ അടുപ്പമുണ്ടാകുമെന്നോ ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല.
പി.വി. ഗംഗാധരൻ എന്ന നിർമാതാവ് പിന്നീട് എനിക്ക് എന്റെ സ്വന്തം ഗംഗേട്ടനായി മാറി. ഒരുപാട് നല്ല സിനിമകൾ എനിക്ക് സമ്മാനിച്ചു. അദ്ദേഹം നിർമിച്ച എന്നും നന്മകൾ, അദ്വൈതം, തൂവൽക്കൊട്ടാരം, വീണ്ടുംചില വീട്ടുകാര്യങ്ങൾ, കൊച്ചുകൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യംലഭിച്ചു.
‘കൊച്ചുകൊച്ചു സന്തോഷങ്ങളി’ലൂടെ എന്റെ മകൻ കാളിദാസന്റെ കൈകളിലേക്ക് ആദ്യമായി സിനിമയിൽ അവസരം അനുഗ്രഹിച്ച് നൽകിയ ഗംഗേട്ടനെക്കുറിച്ച് പറയണോ അല്ലെങ്കിൽ കോഴിക്കോട് ചെന്നിറങ്ങുമ്പോൾ എന്നെ ആദ്യം വിളിക്കുകയും വീട്ടിൽ ചെന്നാൽ ഭക്ഷണം വിളമ്പിത്തരുകയും ചെയ്യുന്ന ആ കുടുംബത്തിന്റെ സ്നേഹത്തെക്കുറിച്ച് പറയണോ എന്നെനിക്കറിയില്ല. കേവലം ഒരു നിർമാതാവും നടനും തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ. അതിനെല്ലാം ഒരുപാട് അപ്പുറത്തേക്ക് കരുതലിന്റെയും സൗഹൃദത്തിന്റെയും വലിയൊരു ഹൃദയബന്ധം എക്കാലവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
ഗംഗേട്ടൻ മദ്രാസിൽ വന്നാലും ഒരുപക്ഷേ, ആദ്യം വിളിക്കുന്നത് എന്നെയായിരിക്കും അല്ലെങ്കിൽ, എന്റെ ഭാര്യ അശ്വതിയെ.
സുഖമില്ലെന്നറിഞ്ഞ് രണ്ടുമാസം മുമ്പ് ഞാൻ കോഴിക്കോട്ടെ വീട്ടിൽചെന്ന് ഗംഗേട്ടനെ കണ്ടിരുന്നു. വളരെ സന്തോഷവാനായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുപാടുനേരം സംസാരിച്ചിരുന്നു, ഓർമകൾ പങ്കുവെച്ചു. പക്ഷേ, രണ്ടു മാസത്തിനുള്ളിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ കുടുംബത്തിലെ ഏറ്റവും അടുത്തൊരാളുടെ വിയോഗത്തെക്കാൾ സങ്കടവും വേദനയും നൽകുന്നതാണ് ഞങ്ങൾക്കെല്ലാവർക്കും ഈ വേർപാട്.
പറഞ്ഞറിയിക്കാൻ കഴിയുന്നതിനെക്കാളൊക്കെ വളരെ മുകളിലായിരുന്നു അദ്ദേഹവുമായുള്ള ബന്ധം. എനിക്കും എന്റെ കുടുംബത്തിനും അളവില്ലാതെ നൽകിയ പിന്തുണയും സ്നേഹവും നന്ദിയോടെ ഓർത്തുകൊണ്ട് ഗംഗേട്ടന് പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.