പേടി കാരണം ആരും പുറത്തു പറയുന്നില്ല; ഞാൻ കണ്ണിലെ കരടായി; കുഞ്ചാക്കോ ബോബനെതിരെ വീണ്ടും പദ്മിനി സിനിമയുടെ നിർമാതാവ്
text_fieldsകുഞ്ചാക്കോ ബോബനെതിരെ കൂടുതൽ ആരോപണവുമായി പദ്മിനി സിനിമയുടെ നിർമാതാവ് സുവിന്‍ കെ വര്‍ക്കി. പ്രെമോഷനിലെ നടന്റെ അസാന്നിധ്യം സിനിമയെ ബാധിച്ചിട്ടുണ്ടെന്നും താരപരിവേഷം കണ്ടാണ് ആളുകള്‍ ആദ്യം സിനിമ ശ്രദ്ധിക്കുന്നതെന്നും നിർമാതാവ് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അപർണ്ണ ബാലമുരളിയും സംവിധായകൻ സെന്ന ഹെഗ്ഡെയും പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും സുവിൻ കൂട്ടിച്ചേർത്തു.
സിനിമയുടെ പ്രെമോഷൻ പരിപാടികളിലൊന്നും ചാക്കോച്ചൻ സഹകരിച്ചിട്ടില്ല.സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു പരിപാടികൾക്കും ചാക്കോച്ചൻ വന്നില്ല. ഒരു പടം ഓഫ്‌ലൈനിൽ മാർക്കറ്റ് ചെയ്തെങ്കിൽ മാത്രമേ ഫാമിലി ഓഡിയൻസ് അടക്കമുള്ളവരിലേക്ക് എത്തുകയുള്ളൂ. ചാക്കോച്ചന്റെ അസാന്നിധ്യം സിനിമയെ നല്ലരീതിയിൽ ബാധിച്ചിട്ടുണ്ട്. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകൾ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്.
ദേശീയ അവാർഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്‌ഡെയും അപർണ ബാലമുരളിയും നൂറുശതമാനം പ്രെമോഷനിൽ സജീവമായിരുന്നു. അപർണ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ ക്രൗൺ പ്ലാസയിൽ പ്രെമോഷൻ പരിപാടിക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. മറ്റ് ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ല. അവരുടെ സമയത്തിനും വിലയുണ്ട്. സെൽഫ് റെസ്‌പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകൾ വിവരം പുറത്തുപറയാൻ നിർബന്ധിതരാകുന്നത്.
ഞാനിത് പുറത്തുപറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി. ഇൻഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തുപറയുന്നില്ല. മലയാള സിനിമയിലെ ഉന്നത താരങ്ങൾ വരെ പ്രൊമോഷന് ഓടി നടക്കുമ്പോൾ തുടർച്ചയായി ഒരാൾക്ക് മാത്രം എന്താണ് പ്രശ്‌നം? അദ്ദേഹം പറയുന്ന പ്രൊഡക്ഷൻ ഹൗസ്, ഡിസ്ട്രിബ്യൂട്ടർ ഇതൊക്കെ ചെയ്യുന്ന പടങ്ങൾക്ക് അദ്ദേഹം എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ്. നിർമാതാക്കളുടെ അസോസിയേഷനിൽ പോലും ചാക്കോച്ചന് വേണ്ടിയാണ് വാദിച്ചത്- സുവിൻ പറഞ്ഞു.
പദ്‌മിനി സിനിമയുടെ 25 ദിവസത്തെ ഷൂട്ടിനു വേണ്ടി 2.5 കോടി രൂപയാണ് കുഞ്ചാക്കോ ബോബൻ പ്രതിഫലം വാങ്ങിയതെന്നും അഭിമുഖങ്ങളിലോ പ്രെമോഷന്റെ ഭാഗമായുള്ള പരിപാടികളിലോ പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണത്തിന് പിന്നാലെ സിനിമയുടെ പോസ്റ്ററിൽ നിന്ന് കുഞ്ചാക്കോ ബോബനെ നീക്കം ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. നിർമാതാവിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്‌മിനി. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.