25 ദിവസത്തേക്ക് കുഞ്ചാക്കോ ബോബന് 2.5 കോടി, പദ്മിനിയുടെ പ്രമോഷന് വരാതെ നടൻ യൂറോപ്പിൽ, വിമർശനവുമായി നിർമാതാവ്
text_fieldsനടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി’ സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി. നടൻ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെയാണ് നിർമാതാവ് രംഗത്ത് എത്തിയിരിക്കുന്നത്. 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകൾ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ ഉത്തരവാദിത്വമാണെന്നും നിർമാതാവ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിർമാതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
'പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി, എല്ലാ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച റിപ്പോർട്ടുകൾ ഞങ്ങളുടെ മനസ് നിറക്കുന്നുണ്ട്. എന്നാൽ സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ചു ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം, പദ്മിനി ഞങ്ങൾക്കൊരു ലാഭകരമായ ചിത്രമാണ്. തിയേറ്ററുകളിൽ നിന്ന് എന്ത് ഷെയർ കിട്ടിയാലും, ഞങ്ങൾക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവർത്തകർക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിങ് ഷെഡ്യൂളിൽ നിന്നു ഏഴു ദിവസം മുൻപ് ഞങ്ങൾക്ക് ഷൂട്ട് തീർക്കാൻ സാധിച്ചിരുന്നു.
പക്ഷേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ചിന്തിക്കുകയാണെങ്കിൽ തിയേറ്ററിൽ നിന്നുള്ള റെസ്പോൺസുകൾ തന്നെയാണ് ഏറ്റവും വലുത്. സിനിമയിൽ അഭിനയിക്കുന്ന നായകന്റെ സ്റ്റാർഡമിനു തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ വലിയൊരു പങ്കുണ്ട്. പദ്മിനിയുടെ കാര്യമെടുത്താൽ, 2.5 കോടി രൂപയാണ് നായക നടൻ പ്രതിഫലമായി കൈപ്പറ്റിയത്. എന്നിട്ട് പോലും ഒരു ടെലിവിഷൻ ഇന്റർവ്യൂവിന്റെയൊ പ്രൊമോഷൻ പ്രോഗ്രാമിന്റെയോ ഭാഗമായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ നിർദേശിച്ച പ്രകാരം സിനിമയുടെ റോ ഫുട്ടേജ് (പൂർത്തിയാകാത്ത രൂപം) മാത്രം കണ്ട ഒരു പ്രൊമോഷൻ കൺസൾട്ടണ്ട് അഭിപ്രായപെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങൾ സൃഷ്ടിച്ച പ്രൊമോഷൻ പ്ലാനുകളും ചാർട്ടുകളും നിഷ്കരുണം അവർ തള്ളിക്കളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്നു സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അതു കൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്.
ഒരു നടൻ തന്നെ കോ പ്രൊഡ്യൂസർ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ ടി.വി ഇന്റർവ്യൂകളിലും അവർ ഇരിക്കാറുമുണ്ട്. പുറത്ത് നിന്നൊരു പ്രൊഡ്യൂസർ വരുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായക നടനെ സംബന്ധിച്ചു 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷനു പങ്കെടുക്കുന്നതിലും വലുത് യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു.
സിനിമകൾക്ക് തിയേറ്റർ റൺ കുറയുന്നു എന്നതിന്റെ പേരിൽ വിതരണക്കാരും നിർമ്മാതാക്കളും ശബ്ദമുയർത്തുന്ന ഈ കാലത്ത്, സിനിമകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ പ്രൊമോട്ട് ചെയ്യണം എന്നതൊരു കടമ തന്നെയാണ്. ഒരു വർഷം ഇരുന്നുറിനു മുകളിൽ സിനിമകൾ റീലീസ് ആകുന്നിടത്ത് അവർ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതായുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനിൽപ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാൽ 'കോൺടെന്റ് തന്നെയാണ് എല്ലായിപ്പോഴും വിജയിക്കുക ' എന്നതാണ്.
കുറിപ്പ് - ഈ നടന് വേണ്ടി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ എല്ലാ പ്രൊഡ്യൂസർ സുഹൃത്തുക്കളോടും നന്ദി', നിർമാതാവ് കുറിച്ചു.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ, വിൻസി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി.ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.