ഓരോ ശ്വാസത്തിലും പ്രണയമായിരുന്നു പങ്കജ് -പ്രിയതമന്റെ ഓർമകളിൽ ഫരീദ
text_fieldsഅതൊരു പ്രയാണമായിരുന്നു. സ്നേഹത്തിന്റെ, പ്രണയത്തിന്റെ പരസ്പര ബഹുമാനത്തിന്റെ ദീപ്ത സ്മരണകൾ മാത്രം ബാക്കിയാക്കിയ സ്നേഹ യാത്ര. ഗസൽ ചക്രവർത്തിയും ഇന്ത്യൻ ജന മനസ്സിലെ നാദ വിസ്മയവുമായിരുന്ന പങ്കജിനെ കുറിച്ചുള്ള കണ്ണീരോർമകളിൽ നിറയുകയാണ് ഭാര്യ ഫരീദ പങ്കജ്. ഒരിക്കലും അവസാനിക്കാതെ തികച്ചും സ്വകാര്യമായ ഞങ്ങളുടെ ജീവിതം, അതങ്ങനെ ഓർമ്മയുടെ കൊതുമ്പു വള്ളത്തിൽ മുന്നോട്ടു പോകും. എന്റെ ജീവ ശ്വാസമായിരുന്ന ഗായകൻ വിട്ടു പോയിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു.
ഞങ്ങൾ രണ്ടു മതത്തിലായിരുന്നു ജനിച്ചത്. ഞാൻ പാർസിയും പങ്കജ് ഹിന്ദുവും. ഒരിക്കലും പരസ്പരം ബഹുമാനത്തോടെയും ആദരവോടെയുമല്ലാതെ ഞങ്ങൾ ഒരു മതത്തെയും സമീപിച്ചിട്ടില്ല. ഞാൻ എന്റെ പ്രാർഥന മുറിയിൽ ഇരിക്കുമ്പോൾ ഹനുമാൻ ചാലിസ ചെല്ലുമായിരുന്നു പങ്കജ്.
ദയയും സൗമ്യതയും ഉള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തുടക്കത്തിൽ, ഞങ്ങൾ വെറും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ കാർഡ് കളിക്കുന്നതും ഇടയ്ക്കിടെ പുറത്തുപോകുന്നതും ആസ്വദിച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ 1982 ഫെബ്രുവരി 11ന് ഞങ്ങൾ വിവാഹിതരായി. ആദ്യം ഞങ്ങൾ ബാന്ദ്രയിൽ ഒരു സ്ഥലം വാടകയ്‌ക്കെടുത്തു. 1986ൽ ഞങ്ങൾ കാർമൈക്കൽ റോഡിലേക്ക് താമസം മാറി.
അതേ വർഷമാണ് ഞങ്ങളുടെ ആദ്യത്തെ മകൾ നയാബ് ജനിച്ചത്. അവളുടെ പേരിലാണ് അദ്ദേഹം തന്റെ ആൽബത്തിന് ‘നയാബ്’ എന്ന് പേരിട്ടത്. 1995ലാണ് രണ്ടാമത്തെ മകൾ റീവ ജനിച്ചത്. പങ്കജ് ഷോകൾക്കായി യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു. എന്നെ വർണങ്ങളിൽ കാണാനാണ് പങ്കജ് ഇഷ്ടപ്പെട്ടത്. ഒരു ശവസംസ്കാരത്തിനു പോലും വെളുത്ത വസ്ത്രം ധരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്റെ പ്രകൃതം മാറ്റി മറിച്ചത് പങ്കജായിരുന്നു.
തുടക്കത്തിൽ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവമായിരുന്നു എന്റെത്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ മഹത്വം കൊണ്ട് മാറുകയായിരുന്നു. കർക്കശക്കാരനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ എന്റെ പപ്പക്കു പോലും എന്തൊരു ആദരവായിരുന്നുവെന്നോ അദ്ദേഹത്തോട്. ഒരു മകനെ പോലെയാണ് അദ്ദേഹം പങ്കജിനെ സ്നേഹിച്ചത്. ഒടുവിൽ പപ്പ തന്റെ ലൈസൻസുള്ള തോക്ക് പങ്കജിന് നൽകി.
മഞ്ഞു ചെയ്യുന്ന രാത്രികളിൽ ഗസൽ പോലെ ഞങ്ങളുടെ പ്രണയ കാലം ഓർമയിലെത്തും. അദ്ദേഹത്തിന്റെ അയൽവാസിയുടെ വീട്ടിൽനിന്ന് അവിചാരിതമായിട്ടാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ഞാനന്ന് എയർ ഇന്ത്യയിൽ ജോലി ചെയ്യുകയാണ്. ഞങ്ങളുടെ പ്രണയം ഒരിക്കലും എനിക്കുള്ള സമ്മാനങ്ങളോ ഭൗതിക വസ്‌തുക്കളോ ആയിരുന്നില്ല. ഹൃദയത്തിന്റെ ഭാഷയിലുള്ള കുളിർ രാഗമായിരുന്നു. പങ്കജിന്റെ ലാളിത്യത്തെയാണ് ഞാൻ ഏറ്റവും വിലമതിച്ചത്.
ആദ്യ ആൽബമായ ആഹത് (1980) പുറത്തിറക്കാൻ ഞാൻ പണം നൽകി സഹായിച്ചു. ഭൂഖണ്ഡങ്ങളിലുടനീളം അറിയപ്പെടാൻ അദ്ദേഹത്തെ സഹായിച്ചത് ‘നാം’ (1986) എന്ന ചിത്രത്തിലെ ‘ചിട്ടി ആയി ഹേ’ എന്ന ഗാനം ആയിരുന്നു. നവരാത്രിയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഞങ്ങൾ ഗുജറാത്തിലെ പങ്കജിന്റെ തറവാട്ടുവീട്ടിലേക്ക് പോകും. അഗ്നി ക്ഷേത്രം, ദർഗകൾ, പള്ളികൾ, മന്ദിറുകൾ എന്നിവ ഞാൻ സന്ദർശിക്കാറുണ്ട്.
എന്നെയും പങ്കജിനെപ്പോലെ സംസ്കരിക്കണം. എന്റെ അന്ത്യകർമങ്ങളിൽ പ്രിയപ്പെട്ടവർ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ, ഈ വികാരം ഞാൻ പങ്കജിനോടും പങ്കുവെക്കുമായിരുന്നു. പക്ഷേ, സങ്കടകരമെന്നു പറയട്ടെ, അവൻ എനിക്കു മുമ്പേ പോയി. ഓരോ ശ്വാസത്തിലും ഞാൻ അവനെ മിസ് ചെയ്യുന്നു. പുനർജനിക്കുകയാണെങ്കിൽ പങ്കജ് എന്റെ ഭർത്താവാകണമെന്നാണ് എന്റെ ആഗ്രഹം, ഫരീദ പറയുന്നു, നിറഞ്ഞ കണ്ണുകളോടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.