'അത് എട്ട് വർഷം മുമ്പ് ചെയ്ത തെറ്റ്, നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു...'; വിശദീകരണവുമായി പ്രകാശ് രാജ്
text_fieldsപ്രകാശ് രാജ്
അനധികൃത ബെറ്റിങ് ആപ്പുകൾ പ്രൊമോട്ട് ചെയ്തതിന് പ്രകാശ് രാജ് ഉൾപ്പെടെ തെലങ്കാനയിൽ 25 പ്രമുഖ നടന്മാർക്കെതിരെ കേസെടുത്തിരുന്നു. വ്യവസായി ഫണീന്ദ്ര ശർമ നൽകിയ പരാതിയിൽ റാണ ദഗ്ഗുബതി, വിജയ് ദേവരക്കൊണ്ട തുടങ്ങിയ താരങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇപ്പോഴിതാ വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. എട്ട് വർഷം മുമ്പ് ചെയ്ത ഒരു തെറ്റ് ജനങ്ങൾ ക്ഷമിക്കുമെന്ന് കരുതുന്നെന്നും സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കുന്നു, അതിനാൽ ഉത്തരം നൽകാനും ബാധ്യസ്ഥനാണ്. അതിനാൽ ഇതാണ് എന്‍റെ ഉത്തരം. പൊലീസ് സ്റ്റേഷനിൽ നിന്ന് സമൻസുകളോ മറ്റോ ലഭിച്ചിട്ടില്ല. എന്നാൽ എപ്പോൾ വന്നാലും അതിന് തീർച്ചയായും മറുപടി നൽകും. മറുപടി നൽകേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. 2016 ൽ ജംഗ്ലി റമ്മിയുടെ പരസ്യം ചെയ്യാനായി അവര്‍ എന്നെ സമീപിച്ചു. അങ്ങനെ ഞാനത് ചെയ്തു. എന്നാല്‍ കുറച്ച് മാസത്തിനുള്ളില്‍ തന്നെ അത് ശരിയല്ലെന്ന് തോന്നി, പക്ഷെ ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. കോണ്‍ട്രാക്റ്റ് പുതുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും ഞാൻ തയാറായില്ല. ഏകദേശം എട്ട് വർഷം മുമ്പാണ് ഇത് സംഭവിച്ചത്. അതിനുശേഷം, ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല' -പ്രകാശ് രാജ് വിഡിയോയിൽ പറഞ്ഞു.
കമ്പനി പിന്നീട് ആപ്പ് മറ്റൊരാള്‍ക്ക് വിറ്റെന്ന് തോന്നുന്നതായും 2021ല്‍ തന്റെ കുറച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ അവർ പ്രചരിപ്പിച്ചെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ കോണ്‍ട്രാക്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ തന്റെ ദൃശ്യങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന് താൻ വ്യക്തമാക്കിയതായും അതിന് ശേഷം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും പ്രകാശ് രാജ് പറയുന്നു. ബെറ്റിങ് ആപ്പുകൾ പ്രൊമോട്ട് ചെയ്യരുതെന്ന് ബോധപൂർവമായി തീരുമാനമെടുത്തതാണ്. അത്തരം ചൂതാട്ടത്തിന് ഇരയാകരുതെന്നാണ് യുവാക്കളോട് പറയാനുള്ളത്. അത് ജീവിതം നശിപ്പിക്കുന്നുവെന്നും വാതുവെപ്പ് ആപ്പുകളോട് നോ പറയണമെന്നും പ്രകാശ് രാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.