'ഉന്ന മാതിരി ഒരു നടികനെ പാത്തിട്ടെ ഇല്ലെടാ'; പ്രകാശ് രാജിന് ഇന്ന് 60-ാം പിറന്നാൾ
text_fieldsഇന്ത്യൻ സിനിമയിൽ തന്നെ പകരം വെക്കാനാകാത്ത അതുല്യ പ്രതിഭ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച, നോട്ടത്തിൽ പോലും കഥാപാത്രത്തെ ആവാഹിക്കുന്ന നടൻ. മുഖം നോക്കാതെ ആരോടും നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന കറകളഞ്ഞ മനുഷ്യൻ. മിക്ക സിനിമകളിലും വില്ലൻ വേഷം, അഞ്ച് ദേശീയ അവാർഡുകൾ... അങ്ങനെ പ്രകാശ് രാജിനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. സഹനടനായും വില്ലനായും നായകനായും അരങ്ങു വാഴുന്ന പ്രകാശ് രാജിന് ഇന്ന് 60-ാം പിറന്നാളാണ്. പ്രിയതാരത്തിന് ആശംസകൾ നേർന്ന് ആരാധകരും ഒപ്പമുണ്ട്.
പ്രകാശ് രാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് 'ഇരുവറി'ലേത്. താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ ശരിക്ക് തിരിച്ചറിഞ്ഞ സിനിമ കൂടിയാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് പ്രകാശ് രാജ് കാഴ്ചവെച്ചത്. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായഗ്രഹകൻ.
'എം.ജി.ആറെ പാത്തിറുക്ക് ശിവാജിയെ പാത്തിറുക്ക് രജിനിയെ പാത്തിറുക്ക് കമലിനെ പാത്തിറുക്ക് ഉന്ന മാതിരി ഒരു നടികനെ പാത്തിട്ടെ ഇല്ലെടാ' എന്ന 'അന്യനി'ലെ പ്രകാശിന്റെ ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റാണ്. ഡി.സി.പി പ്രഭാകറായാണ് ചിത്രത്തിൽ താരമെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തെ തേടിയെത്തി.
ഇളയ ദളപതി വിജയ്ക്കൊപ്പം കട്ടക്ക് നിൽക്കുന്ന വില്ലനെ 'ഗില്ലി'യിൽ കാണാം. മുത്തുപാണ്ടി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രകാശ് രാജെത്തിയത്. ഗില്ലി റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം അദ്ദേഹം തന്നെയാണ് ആ വേഷത്തിലേത്തിയത്. 'ചെല്ലോം' എന്ന ഡയലോഗ് കൊണ്ട് മാത്രം വില്ലന് ഫാൻ ബേസ് ഉണ്ടാക്കിയ ചിത്രം.
കമൽഹാസൻ നായകനായ 'വസൂൽ രാജ എം.ബി.ബി.എസി'ലും വില്ലൻ തന്നെ. വഴക്കുകളൊന്നുമില്ലാത്ത എന്നാൽ സംഭാഷണങ്ങളിലൂടെ പ്രേക്ഷകർക്ക് വില്ലനിസം തോന്നിപ്പിക്കുന്ന വളരെ ശാന്തനായ ഒരു വില്ലൻ വേഷമാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. പ്രേക്ഷകർക്കിടയിൽ പ്രകാശ് രാജിന് മികച്ച പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നും ഇതായിരുന്നു.
പ്രിയദർശനൊപ്പം പ്രകാശ് രാജ് എത്തിയ ചിത്രമായിരുന്നു 'കാഞ്ചീവരം'. 2008 ൽ ഇറങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ് പട്ടു നെയ്ത്തുകാരനായാണ് എത്തിയത്. മലയാളത്തിൽ പാണ്ടിപടയും ഒടിയനുമായിരിക്കും ആദ്യം മനസിൽ ഓടിയെത്തുക. 2009 ൽ 'വാണ്ടഡ്' എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് ബോളിവുഡിലേക്ക് പ്രവേശിച്ചത്. 'സിങ്കം', 'ദബാംഗ്-2', 'മുംബൈ മിറർ', 'പോലീസ്ഗിരി', 'ഹീറോപന്തി', 'സഞ്ജീർ' തുടങ്ങിയ ചിത്രങ്ങളിലും ഹിറ്റടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.